Kerala
കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപോര്‍ട്ട് അപൂര്‍ണം: സാറാ ജോസഫ്
ക്രൈം നടന്നിട്ടുണ്ടെങ്കില്‍ കോടതിയും സര്‍ക്കാരും ഇടപെട്ട് അതില്‍ അടിയന്തര നടപടികള്‍ ഉണ്ടാക്കണം.

കോഴിക്കോട് | ഹേമകമ്മിറ്റി റിപോര്‍ട്ടില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്.റിപോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഒന്നുമില്ല. കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമ കമ്മിറ്റി റിപോര്‍ട്ട് അപൂര്‍ണമാണെന്നും സാറാ ജോസഫ് പറഞ്ഞു. അതൊരു പുക പോലെയാണ്. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങള്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്നെും അവര്‍ പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപോര്‍ട്ടില്‍ നിന്നും മനസിലാകുന്നത്.
ക്രൈം നടന്നിട്ടുള്ളതുപോലെയാണ് ഹേമ കമ്മീഷന് മുന്‍പാകെ സ്ത്രീകള്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. ക്രൈം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവിടെ പ്രതിയോ, പ്രതികളോ ഉണ്ടായിരിക്കണം. അനേകം പ്രതികളുണ്ടെന്നാണ് വെളിപ്പെടുത്തലില്‍ നിന്ന് മനസിലാകുന്നത്.പ്രതികള്‍ ആരെന്നതില്‍ വ്യക്തതയില്ല. മൊഴി നല്‍കിയ പെണ്‍കുട്ടികള്‍ പേര് പറഞ്ഞിട്ടുണ്ടോ
പേര് റിപോര്‍ട്ടിലുണ്ടോ എന്ന കാര്യവും നമുക്ക് അജ്ഞാതമാണ്. ക്രൈം നടന്നിട്ടുണ്ടെങ്കില്‍ കോടതിയും സര്‍ക്കാരും ഇടപെട്ട് അതില്‍ അടിയന്തര നടപടികള്‍ ഉണ്ടാക്കണം.
സിനിമാരംഗം എന്നുപറയുന്നത് കള്ളപ്പണവും മദ്യവും മയക്കുമരുന്നും ലൈംഗിക അരാജകത്വവുമെല്ലാം ഉള്ളതാണെന്ന് നമുക്കറിയാവുന്ന കാര്യമാണ്. പക്ഷേ ഒരു മാഫിയയുടെ കൈയിലാണ് സിനിമാലോകം തിരിയുന്നത് എന്നതുകൊണ്ട് അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
വാതിലില്‍ മുട്ടിയവര്‍ സൂപ്പര്‍ സ്റ്റാര്‍ മുതല്‍ താഴെയുള്ള ആരും ആകും. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ തങ്ങള്‍ അതില്‍ ഇല്ലെന്ന് അവര്‍ പരസ്യമായി വെളിപ്പെടുത്തി മുന്നോട്ടുവരണം. സിനിമാരംഗത്തനിന്ന് നമുക്ക് ഒരു എംപിയും കേന്ദ്രമന്ത്രിയുമുണ്ട്. അദ്ദേഹം പോലും പ്രതികരിച്ചില്ലെന്നും സാറാ ജോസഫ് പറഞ്ഞു.