National
ഹരിദ്വാറിലെ വിദ്വേഷപ്രസംഗം: കൊലപാതകം നടക്കാത്തതിനാല്‍ യു.എ.പി.എ ചുമത്താന്‍ കഴിയില്ലെന്ന് പൊലീസ്
മതസമ്മേളനം അക്രമത്തിനോ കൊലപാതകത്തിനോ വഴിയൊരുക്കാത്തതിനാല്‍ യുഎപിഎ ചുമത്താനാവില്ലെന്നും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പൊലീസ് പറഞ്ഞു.

ഡെറാഡൂണ്‍| ഹരിദ്വാറില്‍ മുസ്ലീങ്ങള്‍ക്കെതിരെ വംശീയ ആക്രമണത്തിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ആള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്ന് ഡി.ജി.പി അശോക് കുമാര്‍. മതസമ്മേളനം അക്രമത്തിനോ കൊലപാതകത്തിനോ വഴിയൊരുക്കാത്തതിനാല്‍ യുഎപിഎ ചുമത്താനാവില്ലെന്നും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറിലെ നികേതന്‍ ധാമില്‍ നടന്ന ധര്‍മ്മ സന്‍സദ് പരിപാടിയിലാണ് മുസ്ലീങ്ങളെ വംശീയമായി ഉന്മൂലം ചെയ്യണമെന്ന് ഹിന്ദുത്വ നേതാക്കള്‍ ആഹ്വാനം ചെയ്തത്. സംഭവം വിവാദമായതോടെ ജിതേന്ദ്രനാരായണന്‍ ത്യാഗി എന്ന വസീം റിസ്വിയെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിദ്വേഷം നിറഞ്ഞ വീഡിയോകള്‍ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചതായും പൊലീസ് അറിയിച്ചു.
ഐപിസി സെക്ഷന്‍ 153എ (മതത്തിന്റെ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) പ്രകാരം അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. നിസാരമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന ആരോപണവും ഡി.ജി.പി നിഷേധിച്ചു. സമ്മേളനം നടന്ന് നാലുദിവസത്തിന് ശേഷമാണ് ഒരാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായത്. പരിപാടിയില്‍ കുട്ടികള്‍ വാളുകളും ത്രിശൂലങ്ങളും വീശിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവ പരമ്പരാഗതമായ കാര്യങ്ങളാണെന്നും അവര്‍ ആയുധങ്ങള്‍ വാങ്ങിയിട്ടില്ലെന്നും അവിടെ ആയുധഫാക്ടറിയില്ലെന്നും പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും പൊലീസ് പറഞ്ഞു
സമ്മേളനത്തില്‍ യതി നരസിംഹാനന്ദ് ഹിന്ദു യുവാക്കളോട് മുസ്ലീങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ ഹിന്ദുക്കളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെയും വീഡിയോയില്‍ വിദ്വേഷ പ്രസംഗം നടത്തിയ മറ്റുള്ളവരെയും നിയമപ്രകാരം ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറഞ്ഞത്. നരസിംഹാനന്ദിനെതിരെ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നിരവധി കേസുകള്‍ നിലവിലുണ്ട്. ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുഹമ്മദ് നബിയെക്കുറിച്ച് എഴുതിയ പുസ്തകത്തിലെ ആക്ഷേപകരമായ ഉള്ളടക്കത്തിന് റിസ് വിക്കെതിരെ സംസ്ഥാന പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനായിരുന്ന റിസ് വി അടുത്തിടെ നരസിംഹാനന്ദ് പങ്കെടുത്ത ചടങ്ങിലാണ് ഹിന്ദുമതം സ്വീകരിച്ചത്.