Connect with us

Saudi Arabia

ഹജ്ജ്: നിയമ ലംഘനങ്ങൾക്ക് കർശന ശിക്ഷ നൽകും; മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

ഹജ്ജ് നിയമ  ലംഘനം തടയുന്നതിന്റെ ഭാഗമായി സഊദി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച ഒരു കാമ്പയിൻ ആരംഭിക്കുകയും ചെയ്‌തു

Published

|

Last Updated

മക്ക|ഹജ്ജ് അനുമത്രി പത്രം ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക്   മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം. അനുമതിയില്ലാതെ തീർത്ഥാടനം നടത്താൻ ശ്രമിക്കുന്ന വ്യക്തികൾക്ക് കർശന ശിക്ഷകൾ നൽകുമെന്ന്  മന്ത്രാലയം മുന്നറിയിപ്പ് നൽകി. സന്ദർശന വിസയിലെത്തി അനുമതി പത്രമില്ലാതെ  ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുകയും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. നിയമലംഘകർക്ക് വേണ്ടി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുക, മക്കയിലേക്ക് കൊണ്ടുപോകുക, ഹോട്ടലുകളിലോ, അപ്പാർട്ടുമെന്റുകളിലോ, തീർത്ഥാടന കേന്ദ്രങ്ങളിലോ താമസ സൗകര്യങ്ങൾ  നൽകൽ തുടങ്ങിയ കേസിൽ പിടിക്കപ്പെടുകയോ,കുറ്റക്കാരാണെന്ന് കണ്ടെത്തുകയോ ചെയ്‌താൽ 100,000 റിയാൽ വരെ പിഴ ചുമത്തും.
മക്കയിലും പരിസര പ്രദേശങ്ങളിലും പ്രവേശിക്കുകയോ തുടരുകയോ ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഹജ്ജ് നിയമ  ലംഘനം തടയുന്നതിന്റെ ഭാഗമായി സഊദി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച ഒരു കാമ്പയിൻ ആരംഭിക്കുകയും ചെയ്‌തു. കാമ്പയിന്റെ ഭാഗമായി നിയമലംഘകരെയും ഹജ്ജ് നിയമങ്ങൾ ലംഘിക്കാൻ സഹായിക്കുന്നവരെയും അറസ്റ്റ് ചെയ്യാനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹജ്ജ് പ്രോട്ടോക്കോളുകൾ ലംഘിക്കുകയോ കാലാവധി കഴിയുന്നതുവരെ മക്കയിൽ തങ്ങുകയോ ചെയ്യുന്നവർക്ക് സഊദിയിലേക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തും.
ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തീർത്ഥാടകരുടെ സുരക്ഷ, സുഖസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്ന് 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
---- facebook comment plugin here -----

Latest