From the print
ഹജ്ജ്; ലഗ്ഗേജ് ഭാരനിയന്ത്രണം നീട്ടി
കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒ കരിപ്പൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

കൊണ്ടോട്ടി | രാജ്യാന്തര വിമാന സർവീസുകൾക്കുള്ള എയർ ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലഗ്ഗേജ് നിയന്ത്രണം ഈ മാസം 15 വരെ നീട്ടിയതായി എയർലൈൻസ് അധികൃതർ അറിയിച്ചു. ഇതനുസരിച്ച് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് ഈ മാസം 15 വരെയുള്ള എല്ലാ ഹാജിമാർക്കും പരമാവധി 30 കിലോ (15 കിലോയുടെ രണ്ട് ബാഗ് വീതം) മാത്രമേ ലഗേജായി അനുവദിക്കുകയുള്ളൂ. ഹാൻഡ് ബാഗേജിന്റെ ഭാരം പരമാവധി ഏഴ് കിലോയും ആയിരിക്കണം.
അതിനിടെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സി ഷാനവാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. രാവിലെ ഹജ്ജ് ക്യാമ്പിലെത്തിയ അദ്ദേഹത്തെ ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന വിവിധ പ്രവർത്തനങ്ങൾ, മക്കയിലും മദീനയിലും ഒരുക്കിയിട്ടുള്ള താമസ, അനുബന്ധ സൗകര്യങ്ങൾ എന്നീ കാര്യങ്ങൾ ചർച്ച ചെയ്യാനായി ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സി ഇ ഒയുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്ത് നിന്നുള്ള ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ പരമാവധി ഒരേ മുത്വവഫിന് കീഴിലാക്കുന്നത്, പുരുഷ, വനിതാ തീർഥാടകർക്ക് താമസസ്ഥലത്ത് പരമാവധി സൗകര്യങ്ങൾ ഒരുക്കുന്നത്, ഗതാഗത സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാൻ കൂടിക്കാഴ്ചയിൽ ചെയർമാൻ അഭ്യർഥിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹാജിമാർക്ക് വിവിധ സമയങ്ങളിലായി നൽകി വരുന്ന പരിശീലന പരിപാടികളിലും ഹജ്ജ് ക്യാമ്പുകളുടെ മികവുറ്റ സംഘാടനത്തിലും സി ഇ ഒ സന്തുഷ്ടി രേഖപ്പെടുത്തി.
ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ്ജ് കമ്മിറ്റിയംഗം അശ്കർ കോറാട്, അസ്സി.സെക്രട്ടറി ജാഫർ കെ കക്കൂത്ത്, ഹജ്ജ് സെൽ ഓഫീസർ കെ കെ മൊയ്തീൻ കുട്ടി, യൂസുഫ് പടനിലം എന്നിവരും സംബന്ധിച്ചു. ഇന്നലെ വൈകിട്ട് 4.30ന് പുറപ്പെട്ട വിമാനത്തിലെ ഹാജിമാർക്കുള്ള യാത്രയയപ്പ് സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. ഹാജിമാർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ഏതെങ്കിലും സാഹചര്യത്തിൽ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ അത് പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ലഗേജ് നിയന്ത്രണത്തിൽ എല്ലാവരും സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറ്റമറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഹജ്ജ് വേളയിൽ എല്ലാവരുടെയും പ്രാർഥനയുണ്ടാകണമെന്നും സി ഇ ഒ ഓർമപ്പെടുത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒ പദവിയിലെത്തുന്ന ആദ്യ മലയാളിയും എ എ എസ് ഉദ്യോഗസ്ഥനുമാണ് ഷാനവാസ്. 2012 ബാച്ച് നാഗാലാൻഡ് കേഡർ ഉദ്യോഗസ്ഥനായ അദ്ദേഹം ഈ വർഷം മാർച്ച് അഞ്ചിനാണ് സി ഇ ഒയായി ചുമതലയേറ്റടുത്തത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്.
അതേസമയം, ഇന്ന് പുറപ്പെടുന്ന മൂന്ന് വിമാനങ്ങളിലേക്കുള്ള ഹാജിമാരെയും അവരെ യാത്രയാക്കാനെത്തിയവരെയും കൊണ്ട് ഹജ്ജ് ക്യാമ്പ് ജനനിബിഡമായി.
അവധി ദിനമായ ഇന്നലെ ഹാജിമാരെ യാത്രയയക്കുന്നതിനായി വിമാനത്താവളത്തിലും ഹജ്ജ് ക്യാമ്പിലും നിരവധി പേരാണെത്തിയത്.
ഇന്ന് രാവിലെ 8.05നും വൈകിട്ട് 4.30നും പുറപ്പെടുന്ന വിമാനങ്ങളിൽ പൂർണമായും ഹജ്ജുമ്മമാരായിരിക്കും ഉണ്ടാകുക. തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിലും ഹജ്ജ് ക്യാമ്പിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.