Connect with us

National

ഗ്യാൻവാപി സർവേക്ക് സ്റ്റേ ഇല്ല; തുടരാൻ സുപ്രീം കോടതി അനുമതി

മസ്ജിദിൽ ഖനനം നടത്തരുതെന്നും പള്ളിക്ക് കേടുപാടുകൾ വരുത്തരുതെന്നും സുപ്രീം കോടതി നിർദേശം

Published

|

Last Updated

ന്യൂഡൽഹി | ഗ്യാൻവാപി മസ്ജിദിൽ കേന്ദ പുരാവസ്തു വകുപ്പിന്റെ സർവേ തുടരാൻ സുപ്രീം കോടതി അനുമതി നൽകി. സർവേ തുടരാനുള്ള ഹൈക്കോടതി ഉത്തരവിന് എതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി തള്ളിയാണ് കോടതി നടപടി. അതേസമയം, മസ്ജിദിൽ ഖനനം നടത്തരുതെന്നും പള്ളിക്ക് കേടുപാടുകൾ വരുത്തരുതെന്നും സുപ്രീം കോടതി നിർദേശം നൽകി.

ഹൈക്കോടതിയുടെ ഉത്തരവിൽ തങ്ങൾ എന്തിന് ഇടപെടണമെന്ന് സുപ്രീം കോടതി ചോദിച്ചു. എഎസ്‌ഐ സർവേയിൽ എന്തിനാണ് എതിർപ്പെന്നും കോടതി മുസ്ലീം പക്ഷത്തോട് ചോദിച്ചു. സർവേ മുസ്ലീം പക്ഷത്തിന് ഒരു ദോഷവും ഉണ്ടാക്കാൻ പോകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അധിനിവേശരഹിതമായ രീതിയിലാണ് സർവേ നടത്തേണ്ടതെന്നും സർവേ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ വാരാണസിയിലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)ക്ക് നാലാഴ്ചത്തെ സമയവും കോടതി അനുവദിച്ചു.

അലഹബാദ് ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിനെത്തുടർന്ന് എഎസ്‌ഐ സംഘം വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് ഗ്യാൻവാപിയിൽ സർവേ ആരംഭിച്ചത്. ഇന്ന് 12 മണിക്ക് ജുമുഅ നിസ്‌കാരത്തിനായി സർവേ നിർത്തി. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വീണ്ടും സർവേ ആരംഭിച്ചു. 61 പേരാണ് എഎസ്ഐ സംഘത്തിലുള്ളത്.

ഗ്യാൻവാപി കാമ്പസ് 4 ബ്ലോക്കുകളായി തിരിച്ചിച്ചാണ് സർവേ നടത്തുന്നത്. ചുറ്റും ക്യാമറകൾ സ്ഥാപിച്ച് വീഡിയോ ചിത്രീകരിക്കുന്നത്.

Latest