Kerala
കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രം ചിത്രീകരിച്ച ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍
ഉപയോഗിച്ചത് വിദേശത്തുനിന്നു വരുത്തിയ രഹസ്യ ക്യാമറ

തിരുവനന്തപുരം | കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയ ഗുജറാത്ത് സ്വദേശി കസ്റ്റഡിയില്‍. അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതിസുരക്ഷാമേഖലയില്‍ ചിത്രീകരണത്തിന് ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു.
സംഘത്തില്‍ സുരേന്ദ്ര ഷായ്ക്കൊപ്പം അഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. കൗതുകത്തിന് വേണ്ടിയാണ് രഹസ്യ ക്യാമറയില്‍ വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് സുരേന്ദ്ര ഷായ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കണ്ണട കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന കഴിഞ്ഞ് മുന്നോട്ടു നടന്നുപോകുമ്പോഴാണ് സുരേന്ദ്ര ഷായുടെ കണ്ണടയില്‍ ഒരു ലൈറ്റ് തെളിയുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കണ്ണട പരിശോധിച്ചു.
തുടര്‍ന്ന് ഇയാളെ ഫോര്‍ട്ട് പോലീസിന് കൈമാറി. വിശദമായ പരിശോധനയില്‍ രഹസ്യ ക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തുകയായിരുന്നു എന്ന് കണ്ടെത്തി. വ്യക്തമായി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഉള്‍പ്പെടുന്ന ക്യമറ വിദേശത്തു നിന്നാണ് ഇയാള്‍ വാങ്ങിയത്.