Connect with us

National

ബില്‍ക്കീസ് ബാനു കേസിലെ  പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി

ഹരജി പരിഗണിച്ച ജസ്റ്റിസ് ദിവേഷ് ജോഷി പരോള്‍ നല്‍കാനാവില്ലെന്ന് വാക്കാല്‍ അറിയിച്ചു.

Published

|

Last Updated

ഗാന്ധിനഗര്‍| ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി. പ്രതികളായ മിതേഷ് ഭട്ട്, ശൈലൈഷ് ഭട്ട് എന്നിവരാണ് പരോള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പൂജയില്‍ പങ്കെടുക്കാനാണ് ഇവര്‍ പരോള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹരജി പരിഗണിച്ച ജസ്റ്റിസ് ദിവേഷ് ജോഷി പരോള്‍ നല്‍കാനാവില്ലെന്ന് വാക്കാല്‍ അറിയിച്ചു. തുടര്‍ന്ന് അഭിഭാഷകര്‍ ഹരജി പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി. ആദ്യമായാണ് ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ക്ക് പരോള്‍ നിഷേധിക്കുന്നത്.

കേസില്‍ സുപ്രീംകോടതി ഉത്തരവു പ്രകാരം ജയിലിലെത്തിയ പ്രതിക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും പരോള്‍ ലഭിച്ചിരുന്നു. ദഹോഡിലെ രണ്‍ധിക്പൂര്‍ സ്വദേശി പ്രതീപ് മോധിയയ്ക്കാണ് പരോള്‍ കിട്ടിയത്. ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തേക്കാണ് പരോള്‍ ലഭിച്ചിരുന്നത്. ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ പരോള്‍ അനുവദിക്കുകയായിരുന്നു.

ഫെബ്രുവരി അഞ്ചിന് ജസ്റ്റിസ് എംആര്‍ മെന്‍ഗ്‌ദേയാണ് പ്രതീപ് മോധിയയുടെ പരോള്‍ അപേക്ഷ പരിഗണിച്ചത്. ജയിലില്‍ പ്രതിയുടെ പെരുമാറ്റം നല്ലതാണെന്നുള്ള അധികൃതരുടെ സാക്ഷ്യപ്പെടുത്തലും കോടതി നിര്‍ദേശം അനുസരിച്ച് സമയത്ത് ജയിലില്‍ തിരികെയെത്തിയതും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. മുപ്പത് ദിവസത്തെ പരോളാണ് ആവശ്യപ്പെട്ടിരുന്നത്.

2002 ലെ ഗുജറാത്ത് കലാപത്തില്‍ ഗര്‍ഭിണിയായിരിക്കെയാണ് ബില്‍ക്കിസ് ബാനു ബലാത്സംഗത്തിന് ഇരയാവുന്നത്. ബില്‍ക്കിസ് ബാനുവിനെയും കുടുംബത്തെയും അതിക്രൂരമായാണ് കലാപകാരികള്‍ അക്രമിച്ചിരുന്നത്. ബില്‍ക്കിസ് ബാനുവും രണ്ട് മക്കളും മാത്രമാണ് കലാപാനന്തരം കുടുംബത്തില്‍ ബാക്കിയായത്.

 

 

 

Latest