Kerala
ഏകീകൃത സിവില്‍ കോഡ്, മദ്‌റസകളിലെ വന്ദേമാതരം; അസം, ബംഗാള്‍ മുഖ്യമന്ത്രിമാരെ ആശങ്കയറിയിച്ച് ഗ്രാന്‍ഡ് മുഫ്തി
അസമില്‍ രണ്ടാമതും അധികാരത്തിലേറിയ ഹിമന്ത ബിശ്വ ശര്‍മ, ബംഗാളിലെ പ്രഥമ ബി ജെ പി മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് നാടിന്റെ സമഗ്ര വികസനത്തിനൊപ്പം ന്യൂനപക്ഷങ്ങളെ ഉള്‍കൊണ്ടുള്ള സമീപനവും വേണമെന്ന് ഗ്രാന്‍ഡ് മുഫ്തി ആവശ്യപ്പെട്ടത്.
കോഴിക്കോട് | അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ ആശങ്കയറിയിച്ചും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. അസമില്‍ രണ്ടാമതും അധികാരത്തിലേറിയ ഹിമന്ത ബിശ്വ ശര്‍മ, ബംഗാളിലെ പ്രഥമ ബി ജെ പി മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് നാടിന്റെ സമഗ്ര വികസനത്തിനൊപ്പം ന്യൂനപക്ഷങ്ങളെ ഉള്‍കൊണ്ടുള്ള സമീപനവും വേണമെന്ന് ഗ്രാന്‍ഡ് മുഫ്തി ആവശ്യപ്പെട്ടത്. അസമിലെ ഏകീകൃത സിവില്‍ കോഡ്, മുസ്‌ലിം വംശീയ-ധ്രുവീകരണ നടപടികള്‍, പശ്ചിമ ബംഗാള്‍ മദ്റസകളിലെ വന്ദേമാതരം ആലാപനം, കന്നുകാലി കശാപ്പ് നിയന്ത്രണം, ന്യൂനപക്ഷ അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഭരണഘടനാനുസൃതമായ നീതിയും സ്വാതന്ത്ര്യവും അവകാശങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
വിവിധ മതങ്ങളും സംസ്‌കാരങ്ങളും ഭാഷാ സമൂഹങ്ങളും ഗോത്ര ജനതയും ഐക്യത്തോടെയും സമാധാനത്തോടെയും അധിവസിക്കുന്ന പ്രദേശങ്ങളില്‍ ചില വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വിധത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ നാടിന്റെ സ്വസ്ഥതയെയും സമാധാന ജീവിതത്തെയും ബാധിക്കും. വിവാഹം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളില്‍ ഓരോ മതസമൂഹത്തിനും ഗോത്ര വിഭാഗങ്ങള്‍ക്കും അവരവരുടെ ആചാര-വിശ്വാസങ്ങള്‍ തുടരാന്‍ ഭരണഘടന നല്‍കിയ സ്വാതന്ത്ര്യവും അവകാശവും തുടരുകയാണ് വേണ്ടത്. സര്‍വാംഗീകൃതമായ ഒരു ദേശീയഗാനം നിലവില്‍ ചൊല്ലുന്ന ഇടങ്ങളില്‍ വിശ്വാസപരമായി അംഗീകരിക്കാനാവാത്ത ഭാഗങ്ങള്‍ ഉള്‍പ്പെട്ട മറ്റൊരു ഗീതം ചൊല്ലാന്‍ നിര്‍ബന്ധിപ്പിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യത്തിനും യശസ്സിനും ചേര്‍ന്നതല്ല. മതപരമായി അഭിപ്രായ വ്യത്യാസങ്ങളുള്ള കാര്യങ്ങളില്‍ പണ്ഡിതന്മാരുമായി കൂടിയാലോചിച്ച് നിയമനിര്‍മാണങ്ങള്‍ നടത്തുന്നതാണ് ഒരു മതേതര രാജ്യമെന്ന നിലയില്‍ അഭികാമ്യം. വികസന-ക്ഷേമ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ജനങ്ങള്‍ക്കിടയില്‍ ഛിദ്രതയും ആശങ്കയും അകല്‍ച്ചയുമുണ്ടാക്കിയേക്കാവുന്ന നടപടികള്‍ക്ക് ഭരണകൂടം നിര്‍ബന്ധം പിടിക്കുന്നത് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസത്തെയും പ്രതീക്ഷയേയും തകര്‍ക്കുമെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.
മുസ്‌ലിം ജനവിഭാഗത്തെ വംശീയമായും വിശ്വാസപരമായും ഒറ്റപ്പെടുത്തുകയും അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നീതിയും സമാധാനവും ഉറപ്പുവരുത്തണമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന സമീപനമുണ്ടാവണമെന്നും ഗ്രാന്‍ഡ് മുഫ്തി കത്തിലൂടെ ആവശ്യപ്പെട്ടു.







