Business
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ലൈഫ്‌ലൈനർ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്; മൂന്ന് ലക്ഷം ആളുകൾക്ക് ജീവൻ രക്ഷാ പരിശീലനം നൽകും
രാജ്യത്തുടനീളം 30,000-ത്തിലധികം ആളുകൾക്ക് ഇതിനോടകം ഈ പദ്ധതിയിലൂടെ ജീവൻരക്ഷാ പരിശീലനവും അവബോധവും നൽകിക്കഴിഞ്ഞു.
കോഴിക്കോട് | ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ (BMH) നേതൃത്വത്തിൽ നടത്തിവരുന്ന കമ്മ്യൂണിറ്റി എമർജൻസി തയ്യാറെടുപ്പ് പ്രസ്ഥാനമായ ‘ലൈഫ്‌ലൈനർ’ (LifeLinER) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ 3 ലക്ഷം ആളുകൾക്ക് ജീവൻ രക്ഷ പരിശീലനം നൽകുകയാണ് പദ്ധതിയുടെ പുതിയ ലക്ഷ്യം. രാജ്യത്തുടനീളം 30,000-ത്തിലധികം ആളുകൾക്ക് ഇതിനോടകം ഈ പദ്ധതിയിലൂടെ ജീവൻരക്ഷാ പരിശീലനവും അവബോധവും നൽകിക്കഴിഞ്ഞു.
ആദ്യ വർഷത്തിൽ 20 സംസ്ഥാനങ്ങളിലായി 407-ലധികം പരിശീലന സെഷനുകൾ സംഘടിപ്പിക്കുകയും 347 സ്ഥാപനങ്ങളുമായി സഹകരിക്കുകയും ചെയ്തു. സ്കൂളുകൾ, കോളേജുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, പോലീസ് വകുപ്പുകൾ, ആംബുലൻസ് ജീവനക്കാർ, എൻ ജി ഒകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയെ ഏകോപിപ്പിച്ചായിരുന്നു പ്രവർത്തനങ്ങൾ. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 75 ദിവസത്തെ അഖിലേന്ത്യാ സി പി ആർ (CPR) സാക്ഷരതാ പര്യടനം 16,000 കിലോമീറ്റർ സഞ്ചരിച്ച് വലിയ ജനശ്രദ്ധ നേടിയിരുന്നു.
പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ലൈഫ്‌ലൈനർ 2.0 (LifeLinER 2.0), ബി എം എച്ച് ഗ്രൂപ്പിന്റെ കീഴിലുള്ള മെയ്ത്ര ഹോസ്പിറ്റൽ, നരുവി ഹോസ്പിറ്റൽസ്, സ്റ്റാർ ഹോസ്പിറ്റൽസ് എന്നിവയിലേക്കും വ്യാപിപ്പിക്കും. സ്കൂളുകൾക്കായി പ്രഖ്യാപിച്ച പ്രത്യേക സുരക്ഷാ പദ്ധതിയുടെ ഭാഗമായി 200 ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്യുകയും അവ കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നൽകുകയും ചെയ്യും.
ഭാവി എന്നത് അത്യാധുനിക സാങ്കേതിക വിദ്യകൾ മാത്രമല്ല, പരസ്പരം പരിചരിക്കാൻ പ്രാപ്തിയുള്ള സമൂഹത്തെ സൃഷ്ടിക്കുക കൂടിയാണെന്ന് ബി എം എച്ച് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ ജി അലക്സാണ്ടർ പറഞ്ഞു. സാധാരണക്കാർക്ക് ജീവൻരക്ഷാ വൈദഗ്ധ്യം ലളിതമായി പകർന്നുനൽകാനാണ് ലൈഫ്‌ലൈനർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബി എം എച്ച് എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് ക്ലസ്റ്റര്‍ ഹെഡ് ഡോ. ഫാബിത്ത് മൊയ്തീൻ വ്യക്തമാക്കി.
ജീവൻ രക്ഷ പരിശീലനം ആവശ്യമുള്ളവർക്ക് 85890 23000 എന്ന നമ്പറിൽ ബന്ധപ്പെടാം.
Summary
Baby Memorial Hospital’s community emergency preparedness initiative, ‘LifeLinER’, is entering its next phase with a target to provide life-saving training to 3 lakh people within the next year. The project has already trained over 30,000 individuals across 20 states, including a major all-India CPR literacy tour. Under the new ‘LifeLinER 2.0’ phase, the initiative will expand to other BMH Care Group network hospitals, including Meitra, Naruvi, and Star Hospitals, alongside distributing first-aid kits and training to schools.







