National
പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഇളവ് ജുലൈ 15വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍
ഇന്ന് അവസാനിക്കേണ്ടിയിരുന്ന ഇളവാണ് ഇപ്പോള്‍ നീട്ടി നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി | പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള സമ്പൂര്‍ണ കസ്റ്റംസ് ഡ്യൂട്ടി ഇളവ് ദീര്‍ഘിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമാകുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളില്‍ നിന്ന് വ്യവസായ മേഖലകള്‍ കരകയറി വരുന്ന പശ്ചാത്തലത്തിലാണ് കസ്റ്റംസ് ഡ്യൂട്ടി ഇളവ് കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ജൂലൈ 15 വരെ നീട്ടിയിരിക്കുന്നത്. ഇന്ന് അവസാനിക്കേണ്ടിയിരുന്ന ഇളവാണ് ഇപ്പോള്‍ നീട്ടി നല്‍കിയിരിക്കുന്നത്.
ധനമന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, നിലവിലെ സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുന്നതുവരെയുള്ള മാറ്റം സുഗമമാക്കുന്നതിനായി ഇളവ് 15 ദിവസത്തേക്ക് കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ടെങ്കിലും, ഈ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്ക് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാതിരിക്കാനാണ് ഇളവ് നീട്ടി നല്‍കിയതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിതരണ ശൃംഖല തടസ്സപ്പെടുകയും പ്രധാന പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയെക്കുറിച്ച് ആശങ്കകള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആദ്യമായി താല്‍ക്കാലിക കസ്റ്റംസ് ഡ്യൂട്ടി ഇളവ് പ്രഖ്യാപിച്ചത്.
ഇതിനൊപ്പം എല്‍പിജി ഉത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാജ്യത്തെ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ വ്യവസായങ്ങള്‍ക്ക് ആവശ്യമായ പ്രധാന പെട്രോകെമിക്കല്‍ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതിയിലൂടെ തടസ്സമില്ലാതെ ലഭ്യമാക്കേണ്ടത് അനിവാര്യമായി വന്നു. ആഭ്യന്തര വിപണിയില്‍ ഈ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനാണ് താല്‍ക്കാലിക നികുതി ഇളവ് ഏര്‍പ്പെടുത്തിയത്.
കസ്റ്റംസ് ഡ്യൂട്ടി ഇളവ് നീട്ടിയത് നിരവധി വ്യവസായങ്ങള്‍ക്ക് പ്രയോജനം ചെയ്യും. പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍ എന്നീ മേഖലകളും മറ്റ് നിരവധി നിര്‍മ്മാണ വ്യവസായങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഉല്‍പന്നങ്ങള്‍ തടസമില്ലാതെ ലഭ്യമാകുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും ഈ നീക്കം ആശ്വാസം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവ് ജൂലൈ 15 വരെ പ്രാബല്യത്തില്‍ ഉണ്ടാകും. അതിനുശേഷം, ആഗോള വിതരണ ശൃംഖലയിലെ പുരോഗതി വിലയിരുത്തി സര്‍ക്കാര്‍ സാഹചര്യം പുനഃപരിശോധിക്കും.
Content Highlights: The central government extended the customs duty exemption on petrochemical imports until July 15. This extension aims to assist domestic industries recovering from global supply chain disruptions caused by Middle East tensions. Sectors like plastics, packaging, and pharmaceuticals will benefit.




