Connect with us

Kannur

അധ്യാപനം വിട്ട് രാഷ്ട്രീയത്തിലെത്തിയ ഗോവിന്ദൻ മാഷ്

മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായതോടെ അധ്യാപനം ഉപേക്ഷിച്ചെങ്കിലും എം വി ഗോവിന്ദൻ ഇന്നും സഖാക്കൾക്കിടയിൽ ഗോവിന്ദൻ മാഷാണ്.

Published

|

Last Updated

കണ്ണൂർ | സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ ജനിച്ച്, ചെറുപ്പം മുതൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി സജീവ രാഷ്ട്രീയത്തിൽ എത്തിയയാളാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ. അധ്യാപക വൃത്തിയിൽ നിന്നാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നത്. മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായതോടെ അധ്യാപനം ഉപേക്ഷിച്ചെങ്കിലും എം വി ഗോവിന്ദൻ ഇന്നും സഖാക്കൾക്കിടയിൽ ഗോവിന്ദൻ മാഷാണ്.

കെ കുഞ്ഞമ്പു, എം.വി. മാധവി എന്നിവരുടെ മകനായി കണ്ണൂർ ജില്ലയിലെ മോറാഴയിൽ 1953 ഏപ്രിൽ 23-നാണ് അദ്ദേഹത്തിന്റെ ജനനം. ഇരിണാവ് യു.പി. സ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ അദ്ധ്യാപകനായി പ്രവർത്തിക്കവെയാണ് മുഴുവസമയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. തുടർന്ന് അധ്യാപക വൃത്തി ഉപേക്ഷിച്ചു.

1970 ൽ അദ്ദേഹം സിപിഐ (എം) അംഗമായി. സിപിഐ (എം) യുമായി ബന്ധപ്പെട്ട യുവജന സംഘടനയായ ഡി വൈ എഫ് ഐയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്കോ യുവജന സമ്മേളനത്തിൽ പങ്കെടുത്തു.

കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നപ്പോൾ സി.പി.ഐയുടെ കാസരഗോഡ് ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഗോവിന്ദൻ മാസ്റ്ററെ അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991-ൽ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐ എം കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. മന്ത്രിസഭാംഗവുമായി. നിലവിൽ തദ്ദേശ സ്വയംഭരണ മന്ത്രിയാണ് അദ്ദേഹം.

ആന്തൂർ മുൻസിപാലിറ്റി ചെയർപേർസണും, സി.പി.ഐ.എം. കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമായ പി.കെ. ശ്യാമളയാണു ഭാര്യ. ശ്യാംജിത്ത്, രംഗീത് എന്നിവർ മക്കൾ.

Latest