Connect with us

യാത്രാനുഭവം

തരീമിലെ പ്രകീർത്തന രാവുകൾ

പ്രവാചക പ്രണയത്തിന്റെ വസന്തം പെയ്തിറങ്ങുന്ന വെള്ളിയാഴ്ച രാവുകൾ തരീമിലെ മായാത്ത ഓർമകളാണ്. വ്യാഴാഴ്ച അസ്തമിക്കാൻ കാത്തിരിക്കുകയായിരിക്കും തരീമുകാർ. മഗ്്രിബ് ബാങ്കിന് മുമ്പ് തന്നെ അവർ ദാറുൽ മുസ്ത്വഫയിലേക്കൊഴുകിയെത്തും. തിരക്കേറുന്നതിന് മുമ്പ്, നേരത്തെ പള്ളിയിലെത്തി ഞങ്ങൾ ഇരിപ്പിടമുറപ്പിക്കും. അപ്പോൾ എല്ലാവരുടെയും മുഖത്ത് സൗമ്യസുന്ദരമായൊരു പുഞ്ചിരി വിടരുന്നത് കാണാം.

Published

|

Last Updated

പ്രവാചക പ്രകീർത്തന കാവ്യങ്ങൾ രചിച്ച എത്രയോ പേരുണ്ട് ഹളർമൗത്തിൽ. തങ്ങളുടെ ജീവിതവഴികളിൽ വേണ്ടുവോളം വെളിച്ചം വിതറിക്കൊണ്ടേയിരിക്കുന്ന വിളക്കുമാടമാണ് തിരുനബി (സ) എന്ന തിരിച്ചറിവിൽ നിന്നാണ് അവരുടെ കവിതകളെല്ലാം പൂത്തുലഞ്ഞത്. പ്രണയാതുരങ്ങളായ കവിഹൃദയങ്ങളിൽ നിന്ന് പ്രകീർത്തന കാവ്യങ്ങൾ ഉറവപൊട്ടുന്നത് സ്വാഭാവികമാണല്ലോ. ഇങ്ങനെ മുത്ത് നബി(സ) എന്ന സമാദരണീയ വ്യക്തിപ്രഭാവത്തെ പ്രകാശപൂർണമായ വിവരണങ്ങളോടെ സമഞ്ജസപ്പെടുത്തിക്കൊണ്ട് ഹൃദയങ്ങളെ അനുഭൂതിയിലേക്ക് ആനയിക്കുന്ന ഒരു മൗലിദ് രചിച്ചിട്ടുണ്ട് ഹബീബ് ഉമർ ബിൻ ഹഫീള് തങ്ങൾ. ളിയാഉല്ലാമിഅ് എന്നാണതിന്റെ പേര്. നബിയിഷ്ടത്തിന്റെ കനലിൽ കാച്ചിയെടുത്ത ആത്മഗീതമാണ് ഈ മൗലിദ്. യമനിന് പുറമെ ആഫ്രിക്കയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും വ്യാപകമായും മറ്റനേകം നാടുകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും ഈ മൗലിദ് പാരായണ സദസ്സുകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അറബിയിൽ നിന്നും ഇംഗ്ലീഷ്, മലയു ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്തിട്ടുമുണ്ട്.

പ്രവാചക പ്രണയത്തിന്റെ വസന്തം പെയ്തിറങ്ങുന്ന വെള്ളിയാഴ്ച രാവുകൾ തരീമിലെ മായാത്ത ഓർമകളാണ്. വ്യാഴാഴ്ച അസ്തമിക്കാൻ കാത്തിരിക്കുകയായിരിക്കും തരീമുകാർ. മഗ്്രിബ് ബാങ്കിന് മുമ്പ് തന്നെ അവർ ദാറുൽ മുസ്ത്വഫയിലേക്കൊഴുകിയെത്തും. ആളുകളുടെ തിരക്ക് കൂടുന്നതിന് മുമ്പ്, നേരത്തെ പള്ളിയിലെത്തി ഞങ്ങൾ ഇരിപ്പിടമുറപ്പിക്കും. എല്ലാവരുടെയും മുഖത്ത് ആനന്ദത്തിന്റെ പുഞ്ചിരി വിടരുന്നത് കാണാം. വെള്ളിയാഴ്ച രാവുകൾ ക്യാമ്പസിൽ നടക്കുന്ന ളിയാഉല്ലാമിഅ് മൗലിദ് സദസ്സിൽ പങ്കെടുക്കാനാണ് ഇത്ര ആവേശത്തോടെ അവർ ഓടിയെത്തുന്നത്. മഗ്്രിബ് നിസ്‌കാരാനന്തരമാണ് സദസ്സിന് തുടക്കം കുറിക്കുന്നത്. ഹബീബ് ഉമർ തങ്ങളും തരീമിലെ പ്രധാന പണ്ഡിതരും സദസ്സിന് അഭിമുഖമായി ഇരിക്കും. സദസ്സിന് മുന്നിൽ മൗലിദ് പാരായണത്തിന് നേതൃത്വം നൽകാനിരിക്കുന്ന സംഘം വളരെ മനോഹരമായി ഓരോ വരികളും ചൊല്ലാൻ തുടങ്ങും. ളിയാഉല്ലാമിഇന്റെ ഈരടികൾ കേൾക്കാൻ എന്തൊരാനന്ദമാണ്. താളവും മേളവും രാഗവും ശ്രുതിലയങ്ങളും ഇടതടവില്ലാതെ നിർത്സരിക്കുന്ന വർണാഭമായ ഘോഷയാത്രയാണ് ഓരോ ഗീതവും. “അൽഹംദുലില്ലാഹില്ലദീ ഹദാനാ ബി അബ്ദിഹിൽ മുഖ്താരി…’ ( തിരഞ്ഞെടുക്കപ്പെട്ട അടിമയെക്കൊണ്ട് ഞങ്ങളെ സന്മാർഗത്തിലാക്കിയ നാഥനാണ് നമോവാകങ്ങളിലഖിലവും) എന്ന് തുടങ്ങുന്ന തിരുമുൽ കാഴ്ച ഇലാഹിന്റെ മുന്നിൽ സമർപ്പിച്ചുകൊണ്ടാണ് മൗലിദിലെ പ്രധാന വരികളാരംഭിക്കുന്നത്.

മൗലിദിലെ പല ഭാഗങ്ങളും സയ്യിദ് കുടുംബത്തിലെ ചെറിയ കുട്ടികളാണ് പാരായണം ചെയ്യുന്നത്. അവർ അവരുടെ ഉപ്പാപ്പയെ പ്രകീർത്തിച്ച് പാടുന്നത് സദസ്സിന് കൂടുതൽ ആനന്ദം പകരും. ശേഷം, വിവിധ രാജ്യങ്ങളിൽ നിന്നും തരീമിലെത്തിയ അതിഥികളുടെയും മറ്റു പ്രധാന പണ്ഡിതരുടെയും പ്രസംഗം നടക്കും. അറബിയിൽ പ്രസംഗിക്കാൻ കഴിയാത്തവർക്ക്, മാതൃഭാഷയിലുള്ള സംസാരം വിവർത്തനം ചെയ്യാൻ കൂടെ ആളുണ്ടാകും. അവരുടെ നാടിന്റെ ഇസ്്ലാമിക ചലനങ്ങളും തരീമിൽ അവർ അനുഭവിച്ച അനുഭൂതിയും മറ്റു അനുഭവങ്ങളുമാണ് അവർ പങ്കുവെക്കുക. അവസാനമാണ് ഹബീബ് ഉമർ തങ്ങളുടെ പ്രസംഗം. അറബി അറിയാത്തവനും അനുഭവിക്കാൻ കഴിയുന്ന പ്രഭാഷണമായിരിക്കും അത്. ഹബീബിന്റെ വാക്കുകൾ കേട്ടാൽ ആത്മസംസ്‌കരണത്തിന് വേണ്ടി ജനം ദാഹിച്ചു പോകും. അത്രമേൽ ആഴമുള്ള, കനമുള്ള സംസാരമായിരിക്കും. പ്രഭാഷണത്തിനിടയിൽ ഖുർആനും ഹദീസും ഒഴുകിവരുന്നുണ്ടാകും. പാപങ്ങളുടെ ഗൗരവം പറഞ്ഞ് തൗബയുടെ വാതിലിൽ സ്രഷ്ടാവിനെ മുട്ടിവിളിക്കുന്ന വിലാപങ്ങൾ ഇടക്ക് കേൾക്കാം. പിന്നെ തിരുനബി(സ)യുമായുള്ള ആത്മഭാഷണത്തിലേക്ക് പ്രവേശിക്കും. അന്ത്യനാളിൽ റസൂലിന്റെ മധ്യസ്ഥവും ശിപാർശയും തേടുന്ന പങ്കില മനസ്സിന്റെ ആത്മരോദനം ഓരോ വാക്കിലും മുഴങ്ങും. പിന്നെ നാഥനിലേക്ക് കൈ ഉയർത്തി ഉറക്കെ വിളിക്കും യാ..അല്ലാഹ്..! ഇതോടെ സദസ്സ് നിയന്ത്രണം വിട്ട് കരയും. ചിലർ ഒരൊറ്റ അട്ടഹാസത്തോടെ നിലത്ത് വീഴും. സ്വന്തത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഖൽബ് പിടയുന്നതാണ് ഇതിന് കാരണം.

മൗലിദ് പാരായണ ശേഷം ഇശാഅ് നിസ്‌കാരവും കഴിഞ്ഞാണ് എല്ലാവരും പിരിഞ്ഞുപോകുക. മൗലിദും പ്രാർഥനയും അവർക്ക് നൽകിയ ആത്മനിർവൃതി അവരുടെ മുഖത്ത് പ്രകടമായിരിക്കും. ഇനി അടുത്ത ആഴ്ചയിൽ കാണാമെന്ന് പരസ്പരം അറിയിച്ച് സലാം ചൊല്ലി ആലിംഗനം ചെയ്ത് അവർ പിരിയും. വാദീ ഐദീദിലേക്ക് ഇറങ്ങിയാൽ പരിപാടി കഴിഞ്ഞ് തിരിച്ചുപോകുന്നവരുടെ തിരക്ക് കാണാം. നിരത്തുകൾ ജനനിബിഢമായിരിക്കും. കഹ്്വയും പച്ച വെള്ളവുമാണ് പരിപാടിയിൽ ചീർണിയായുണ്ടാകുക. പല മൗലിദ് സദസ്സുകളും ഇവിടെ അങ്ങനെയാണ്. പാവപ്പെട്ടവരും സദസ്സുകൾ സംഘടിപ്പിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. എന്നാൽ, വലിയ സദ്യയുള്ള മൗലിദുകളും പലപ്പോഴും നടക്കാറുണ്ട്.


മുത്ത് നബി(സ)യുമായി ബന്ധപ്പെട്ടതിനോടെല്ലാം വളരെ വലിയ മൂല്യം കൽപ്പിക്കുന്നവരാണ് തരീമുകാർ. തിരു നബി(സ) യുടെ കുടുംബക്കാർ ഏറെയുള്ള നാടാണല്ലോ തരീം. അതുകൊണ്ടാകണം പ്രവാചക സ്‌നേഹത്തിലും സുന്നത്തുകൾ നിറവേറ്റുന്നതിലുമെല്ലാം അവർ കാണിക്കുന്ന താത്പര്യം വിവരണാതീതമാണ്. അവരുടെ ചലന നിശ്ചലനങ്ങളെല്ലാം തിരുനബി(സ) സ്‌നേഹത്താൽ അലിഞ്ഞു ചേർന്നതായി കാണാം. പഠിച്ചതൊക്കെയും പ്രതിഫലിപ്പിക്കുന്ന സംശുദ്ധമായ ജീവിതം. അവരുടെ നിസ്‌കാരങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്കത് ബോധ്യമാകും. തരീമിലെ ഹബീബ് മുഹമ്മദ് ബിൻ അലവി അൽ ഐദറൂസ് രചിച്ച “ഖംസു മിഅതി സുന്ന മിൻ സുനനി സ്വലാ’ (നിസ്‌കാരത്തിലെ അഞ്ഞൂറ് സുന്നത്തുകൾ) എന്ന ഗ്രന്ഥത്തിൽ പറഞ്ഞ മുഴുവൻ സുന്നത്തുകളും നിസ്‌കാരത്തിൽ കൊണ്ടുവരാൻ അവർ പരിശ്രമിക്കുന്നത് കാണാം. അഥവാ അവരുടെ പ്രവർത്തനങ്ങളാണ് ഏറ്റവും വലിയ പ്രബോധനം. അതുകൊണ്ടാകണം ഹളർമൗത്തിൽ നിന്ന് പ്രബോധനത്തിന് പോയവരെല്ലാം അവർ എത്തിയ ഇടങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാക്കിയത്.
എല്ലാ തിങ്കളാഴ്ചയും അസർ നിസ്‌കാര ശേഷം ഒരു പ്രവാചക പ്രകീർത്തന സംഗമവും കൂടി ദാറുൽ മുസ്ത്വഫയിൽ നടക്കാറുണ്ട്. തിരുനബി (സ)യുടെ അപദാനങ്ങളെ സമഗ്രമായി പ്രദർശിപ്പിച്ച് ലോക ഹൃദയങ്ങളിൽ അനുരാഗത്തിന്റെ അനുഭൂതി വിതറിയ ഇമാം ബൂസ്വൂരി (റ) യുടെ ഖസ്വീദത്തുൽ ബുർദയുടെയും ഖസ്വീദത്തുൽ മുഹമ്മദിയ്യയുടെയും പാരായണമാണത്. പത്ത് ഖണ്ഡങ്ങളുള്ള ബുർദയുടെ ഓരോ ഫസ്്ലും ഓരോ രാജ്യക്കാരുടെ നേതൃത്വത്തിലാണ് ചൊല്ലാറുള്ളത്. ദേശ ഭാഷാ വൈജാത്യങ്ങൾക്കപ്പുറത്ത് പ്രവാചക പ്രകീർത്തനങ്ങൾ ലോക രാജ്യങ്ങൾ ഒന്നിച്ച് പാടുന്ന അസുലഭ മുഹൂർത്തം! ആനന്ദദായകമായ കാഴ്ചകൾ. ശ്രവണ സുന്ദരമായ അലയൊലികൾ. അറബനയുടെ അകമ്പടിയിൽ ഓരോ രാജ്യങ്ങളിലെ വിദ്യാർഥികളും വ്യത്യസ്ത രീതിയിൽ ആലപിക്കുന്ന ഖസ്വീദത്തുൽ ബുർദയുടെ ഈ സദസ്സ് വേറിട്ട അനുഭവമാണ്.

പ്രവാചക പ്രകീർത്തന കാവ്യങ്ങൾ ആലപിക്കുന്ന ഗായക സംഘങ്ങളും തരീമിലുണ്ട്. അല്ലെങ്കിലും താളുകളിൽ നിർജീവമായി കിടക്കേണ്ടതല്ലല്ലോ കീർത്തന കാവ്യങ്ങൾ. അവ ആസ്വാദക സംഘങ്ങൾക്ക് മുന്നിൽ നിരന്തരം അവതരിപ്പിക്കപ്പെടുക എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. “മദ്ദാഹൂൻ അർറസൂൽ’ എന്നാണ് ഈ ആലാപന സംഘങ്ങൾവിളിക്കപ്പെടുന്നത്. റസൂലിന്റെ മദ്ഹ് പാടുന്നവർ എന്ന് അർഥം. പഴയ കാലം മുതൽ തന്നെ ഇങ്ങനെയുള്ള സംഘങ്ങൾ അറബികൾക്കിടയിൽ വ്യാപകമാണ്. ആഘോഷവേളകളിലെല്ലാം ആ ഗായകസംഘങ്ങൾ മദ്ഹ് പാടാനായി പ്രത്യേകം ക്ഷണിക്കപ്പെടാറുണ്ട്. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്വാബാ ഫൗണ്ടേഷനും ഹളർമൗത്തിലെ ഫിർഖത്തുൽ മസറ ഇൻശാദിയയും ദാറുൽ മുസ്ത്വഫയിൽ നടത്തുന്ന ഇത്തരം മദ്ഹ് ആസ്വാദന വേദികളിൽ നൂറുകണക്കിനാളുകളാണ് ഒരുമിച്ചുകൂടാറുള്ളത്.