Connect with us

From the print

ഗസ്സാ വെടിനിര്‍ത്തല്‍: ഇടപെടല്‍ ഊര്‍ജിതം; തിരക്കിട്ട ചര്‍ച്ച

വെടിനിര്‍ത്തല്‍ കൂടുതല്‍ ദിവസത്തേക്ക് പ്രാബല്യത്തില്‍ വരുമെന്ന വിശ്വാസത്തിലാണ് മാധ്യസ്ഥ്യ രാജ്യങ്ങളായ ഖത്വറും ഈജിപ്തും.

Published

|

Last Updated

ഗസ്സ/ ജറൂസലം | ഗസ്സയില്‍ കുട്ടികളടക്കം ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന് കാരണമാകുന്ന ഇസ്റാഈല്‍ ആക്രമണത്തിന് എന്നെന്നേക്കുമായി അറുതി വേണമെന്ന ആശയത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ ദിവസത്തേക്ക് നീട്ടാനുള്ള ഇടപെടല്‍ ഊര്‍ജിതമാക്കി മാധ്യസ്ഥ്യ രാജ്യങ്ങള്‍. ഇസ്റാഈലില്‍ നിന്ന് ഹമാസ് പിടികൂടി സുരക്ഷിതമായി പാര്‍പ്പിച്ച കൂടുതല്‍ ബന്ദികളെ വിട്ടയക്കുകയും പകരം ഹമാസ് ആവശ്യപ്പെട്ടത് പ്രകാരമുള്ള നിരപരാധികളായ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്റാഈല്‍ തയ്യാറാകുകയും ചെയ്തതോടെ വെടിനിര്‍ത്തല്‍ കൂടുതല്‍ ദിവസത്തേക്ക് പ്രാബല്യത്തില്‍ വരുമെന്ന വിശ്വാസത്തിലാണ് മാധ്യസ്ഥ്യ രാജ്യങ്ങളായ ഖത്വറും ഈജിപ്തും.

നാല് ദിവസം നീണ്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച ശേഷം ചൊവ്വാഴ്ച 48 മണിക്കൂര്‍ കൂടി ഇത് ദീര്‍ഘിപ്പിച്ചിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്റാഈല്‍ ചാര സംഘടനയായ മൊസാദിന്റെയും യു എസ് ചാര സംഘടനയായ സി ഐ എയുടെയും മേധാവികള്‍ ഖത്വറുമായി ചര്‍ച്ച നടത്തിയിരുന്നു.

അതിനിടെ, ഇസ്റാഈല്‍ നേരത്തേ നടത്തിയ വ്യോമാക്രമണത്തില്‍ ബന്ദികളില്‍പ്പെട്ട മാതാവും അവരുടെ പത്ത് മാസവും നാല് വയസ്സും പ്രായമായ രണ്ട് കുട്ടികളും കൊല്ലപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി ഹമാസ് രംഗത്തെത്തി. വെടിനിര്‍ത്തല്‍ കരാറിന്റെ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ഹമാസിന്റെ വെളിപ്പെടുത്തല്‍. ഇതേക്കുറിച്ച് പരിശോധിക്കുകയാണെന്ന് ഇസ്റാഈല്‍ വ്യക്തമാക്കി.
ബന്ദികളെ മോചിപ്പിച്ചാല്‍ യുദ്ധം

മുഴുവന്‍ ബന്ദികളെയും വിട്ടയച്ചാല്‍ വെടിനിര്‍ത്തലില്‍ നിന്ന് പിന്നോട്ട് പോകുമെന്ന സൂചനയാണ് ഇസ്റാഈല്‍ നല്‍കുന്നത്. പരിപൂര്‍ണ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇസ്റാഈല്‍ വക്താവ് ഇലോണ്‍ ലെവിയാണ് ഭീഷണിയുടെ സ്വരത്തില്‍ പ്രസ്താവന നടത്തിയത്. മുഴുവന്‍ ബന്ദികളെയും വിട്ടുകിട്ടാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും എന്നാല്‍ അതെന്തൊക്കെയാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം മുഴുവന്‍ ബന്ദികളെയും വിട്ടയച്ചാല്‍ യുദ്ധം പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി. ഹമാസിന്റെ അന്ത്യത്തോടെ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂവെന്നും ലെവി വ്യക്തമാക്കി.

അതേസമയം, ഹമാസിനെതിരെന്ന പേരില്‍ ഇസ്റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നതും അഭയാര്‍ഥികളാകുന്നതും സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാരാണ്. ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിയ വ്യോമ, കരയാക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ട 15,000ത്തോളം പേരില്‍ ബഹുഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്നവരാണ്. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട രണ്ടായിരത്തോളം പേരില്‍ പകുതിയും കുട്ടികളാണ്. 240 ബന്ദികളില്‍ ഇതുവരെ 60 ഇസ്റാഈലികളെയാണ് വിട്ടയച്ചത്.

Latest