Connect with us

Career Education

എസ് സി/ എസ് ടി ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലന പരിപാടി; സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം, പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി സൗജന്യ പരിശീലന പരിപാടി നടത്തുന്നു. ഡിസംബറില്‍ ആരംഭിക്കുന്ന പരിശീലനം 11 മാസം ദൈര്‍ഘ്യമുള്ളതായിരിക്കും. ടൈപ്പ്റൈറ്റിംഗ്, ഷോര്‍ട്ട്ഹാന്‍ഡ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, കണക്ക്, ജനറല്‍ നോളജ് വിഷയങ്ങളിലാണ് പരിശീലനം നല്‍കുക. കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രൂപയെന്ന നിരക്കില്‍ ഫീസ് നല്‍കും. തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്.

കോഴ്‌സ് നടത്താന്‍ താത്പര്യമുള്ള, എല്ലാവിധ സൗകര്യങ്ങളോടു കൂടിയതും സര്‍ക്കാര്‍ അംഗീകൃതവും, ആദായ നികുതി സംബന്ധിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും മൂന്നു വര്‍ഷമോ അതിലധികമോ ഉള്ള പ്രവൃത്തി പരിചയവും കേന്ദ്ര സര്‍ക്കാറിന്റെ വെബ് പോര്‍ട്ടലായ നാഷണല്‍ കരിയര്‍ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്തതുമായ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ പകര്‍പ്പും അതതു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ വിശദമായ ബയോഡേറ്റയും സഹിതം ഡിസംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനു മുമ്പ് ‘സബ്-റീജ്യണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ് സി/എസ് ടി, തൈക്കാട്, തിരുവനന്തപുരം-695014’ എന്ന വിലാസത്തിലോ cgctvmkerala@gmail.com ഇ മെയിലിലോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2332113/ 8304009409.