Connect with us

National

ചെന്നൈയില്‍ വ്യാപാരിയെ മര്‍ദിച്ച് കെട്ടിയിട്ട് 20 കോടിയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു; നാലുപേര്‍ പിടിയില്‍

സംഭവത്തില്‍ വ്യാപരിയായ ലണ്ടന്‍ രാജന്‍, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേര്‍ എന്നിവരെ ശിവകാശിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

Published

|

Last Updated

ചെന്നൈ|ചെന്നൈയില്‍ വ്യാപാരിയെ ഇടപാടിനെന്ന പേരില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തി മര്‍ദിച്ച് കെട്ടിയിട്ട് 20 കോടിയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു. തട്ടിപ്പ് നടത്തി 24 മണിക്കൂറിനുള്ളില്‍ പോലീസ് നാലുപേരെ പിടികൂടി. ചെന്നൈ അണ്ണാനഗര്‍ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവര്‍ച്ചയ്ക്ക് ഇരയായത്. സംഭവത്തില്‍ മറ്റൊരു വ്യാപരിയായ ലണ്ടന്‍ രാജന്‍, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേര്‍ എന്നിവരെ ശിവകാശിയില്‍ നിന്നാണ് പോലീസ് പിടിച്ചത്.

വജ്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന ലണ്ടന്‍ രാജന്‍ വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തുകയായിരുന്നു. മുന്‍ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഞായറാഴ്ച ആഭരണങ്ങള്‍ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖര്‍ മകള്‍ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാര്‍ പറഞ്ഞതു പ്രകാരം ചന്ദ്രശേഖര്‍ മാത്രമാണ് ഹോട്ടല്‍ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയില്‍ കയറിയ ഉടന്‍ തന്നെ നാലുപേരും ചേര്‍ന്നു ചന്ദ്രശേഖറിനെ മര്‍ദ്ദിച്ച ശേഷം കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നുകളഞ്ഞു.

ചന്ദ്രശേഖര്‍ തിരികെ വരാന്‍ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകള്‍ ജാനകി മുറിയിലേക്ക് ചെന്നു. അപ്പോഴാണ് പിതാവിനെ മുറിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത വടപളനി പോലീസ് ഹോട്ടലില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്നു പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. തുടര്‍ന്ന് ശിവാകശി ടോള്‍ പ്ലാസയ്ക്കു സമീപത്തു നിന്നു തൂത്തുക്കുടി പോലീസ് നടത്തിയ വാഹന പരിശോധനയില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.

 

 

Latest