Connect with us

punjab election 2022

പഞ്ചാബില്‍ മുന്‍ മന്ത്രി കോണ്‍ഗ്രസ് വിട്ട് ആം ആദ്മിയില്‍

50 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് പാര്‍ട്ടി വിട്ടത്. ബീന്ദ് സിംഗ്, രജീന്ദര്‍ കൗര്‍ ഭട്ടല്‍, അമരീന്ദര്‍ സിംഗ് എന്നിവരുടെ മന്ത്രിസഭയിലെ അംഗമായിരുന്നു അദ്ദേഹം

Published

|

Last Updated

ചണ്ഡീഗഢ് | തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്. രാജിവെച്ച മുന്‍ മന്ത്രി ജോഗീന്ദര്‍ സിംഗ് മന്‍ അരവിന്ദ് കേജ്രവാളിന്റെ സാന്നിധ്യത്തില്‍ എ എ പിയില്‍ ചേര്‍ന്നു. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് പാര്‍ട്ടി വിട്ടത്.

എസ് സി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ജോഗീന്ദര്‍. എസ് സി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തിരിമറിയിലെ കുറ്റാരോപിതര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്. പഗ്‌വാര പ്രദേശത്തിന് ജില്ലാ പദവി നല്‍കാത്തതും പാര്‍ട്ടി വിടാന്‍ കാരണമായെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

പാര്‍ട്ടി വിടുമ്പോള്‍ പഞ്ചാബ് അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാനായിരുന്നു അദ്ദേഹം. ബീന്ദ് സിംഗ്, രജീന്ദര്‍ കൗര്‍ ഭട്ടല്‍, അമരീന്ദര്‍ സിംഗ് എന്നിവരുടെ മന്ത്രിസഭയിലെ അംഗമായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാരനായി മരിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ പാര്‍ട്ടി അതിന് തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ അവകാശപ്പെട്ടു.