Connect with us

Kerala

സി പി എമ്മില്‍ നിന്ന് അകന്നു കഴിയുന്ന മുന്‍ എം എല്‍ എ ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍

കഴിഞ്ഞ സമ്മേളനത്തില്‍ ഐഷാ പോറ്റിയെ സി പി എം ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു

Published

|

Last Updated

കൊല്ലം | സി പി എമ്മില്‍ നിന്ന് അകന്നു കഴിയുന്ന മുന്‍ എം എല്‍ എ ഐഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍. കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നാളെ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലാണ് ഐഷ പോറ്റി പങ്കെടുക്കുന്നത്. ഐഷ പോറ്റിയാണ് അനുസ്മരണ പ്രഭാഷണം നടത്തുന്നത്.

കഴിഞ്ഞ സമ്മേളനത്തില്‍ ഐഷാ പോറ്റിയെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നു കാണിച്ചാണ് ഏരിയാ കമ്മിറ്റിയില്‍ നിന്ന് നീക്കിയത്. ഇതോടെ പാര്‍ട്ടിയുമായി പൂര്‍ണമായി അകന്നു കഴിയുന്നതിനിടെയാണ് അവര്‍ കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നത്. താന്‍ മറ്റു പാര്‍ട്ടിയിലേക്കില്ലെന്നും ഉമ്മന്‍ചാണ്ടിയോടുള്ള ബഹുമാനാര്‍ഥമാണ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും ഐഷാ പോറ്റി പ്രതികരിച്ചു.

സി പി എം വേദികളില്‍ നിന്ന് ഏറെ നാളായി ഐഷ പോറ്റി വിട്ടുനില്‍ക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിട്ടു നില്‍ക്കുന്നു എന്നായിരുന്നു ഐഷ പോറ്റിയുടെ വിശദീകരണം. എം എല്‍ എ ആയിരിക്കെ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ ഉള്‍പ്പെടെ വിവിധ തൊഴില്‍ സംഘടനകളുടെ ഭാരവാഹിയായിരുന്നു. ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയില്‍ നില്‍ക്കാനാകില്ലെന്നും ഓടി നടന്നു ചെയ്യാന്‍ കഴിയുന്നവര്‍ തുടരട്ടെ എന്നുമായിരുന്നു ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ അവര്‍ പ്രതികരിച്ചത്.

സി പി എം കൊട്ടാരക്കര ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. സമ്മേളനത്തിന്റെ രണ്ടാംദിവസമെങ്കിലും ഐഷ പോറ്റി സമ്മേളനത്തിന് എത്തുമെന്നു കരുതിയിരുന്നെങ്കിലും പങ്കെടുത്തില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി അവഗണന കാട്ടുന്നതായി അവര്‍ക്കു പരാതി ഉണ്ടായിരുന്നു. മൂന്നുതവണ എം എല്‍ എയായ അവരെ പാര്‍ട്ടി പിന്നീട് വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ മറ്റു പദവികളില്‍ പരിഗണിക്കാതിരുന്നതും പരിഭവത്തിനു കാരണമായെന്നാണ് പറയപ്പെടുന്നത്.

 

 

 

Latest