Connect with us

National

എല്‍ ഐ സി ഊഹക്കച്ചവടക്കാര്‍ക്ക്; ടെലികോം പോലെ ഇന്‍ഷുറന്‍സും കൈവിടുന്നു

ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് സ്വകാര്യ വത്ക്കരണ പ്രഖ്യാപനം നടത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | കാലങ്ങളായി ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിരുന്ന ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി) എന്ന പൊതു മേഖലാ സ്ഥാപനത്തിന്റെ സ്വകാര്യ വല്‍ക്കരണം ത്വരിതപ്പെടുത്തുമെന്നു കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നു.
ടെലികോം മേഖലയെപ്പോലെ ഇന്‍ഷുറന്‍സ് മേഖലയെയും സ്വകാര്യ മൂലധനത്തിനു അടിയറവെക്കാനാണ് എല്‍ ഐ സിയുടെ ഓഹരിവില്‍പ്പനയിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനായി വന്‍തോതില്‍ ഫണ്ട് നല്‍കുന്ന, സര്‍ക്കാരിനെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന പൊതുമേഖലാ സ്ഥാപനം ഇനി അതിവേഗം സ്വകാര്യമേഖല കൈയ്യടക്കുമെന്നുറപ്പായി. ലാഭക്കൊതിയന്മാരുടെയും ഊഹക്കച്ചവടക്കാരുടെയും പക്കലേക്ക് എല്‍ ഐ സി എത്തുമെന്ന് ചുരുക്കം.

സാമ്പത്തിക ഉദാരവല്‍ക്കരണകാലത്തിനുശേഷം ഒട്ടേറെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്തുവന്നെങ്കിലും എല്‍ ഐ സിയുമായി മത്സരിക്കാന്‍ സാധിച്ചില്ല. പലരും പിടിച്ചുനില്‍ക്കാനാകാതെ അടച്ചുപൂട്ടി. ഇപ്പോഴും എല്‍ ഐ സിയുടെ വിപണി വിഹിതം 75 ശതമാനത്തിലേറെയാണ്.

സ്വകാര്യ കമ്പനികളെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നില്ല. എല്‍ ഐ സി തകര്‍ന്നാല്‍ മാത്രമേ സ്വകാര്യകമ്പനികള്‍ക്ക് തഴച്ചുവളരാനാകൂ.
എല്‍ ഐ സി വില്‍പ്പനയിലൂടെ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പണത്തിന്റെ അടിയന്തര ആവശ്യം പരിഹരിക്കാനാണ് ഈ ലാഭകരമായ സ്ഥാപനത്തെ ഇല്ലാതാക്കുന്നത്.

കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് എല്‍ ഐ സിയുടെ ഓഹരി വില്‍ക്കുന്നതെന്നാണു വാദം. 2020ലെ ബജറ്റിലാണ് എല്‍ ഐ സിയുടെ ഓഹരി വില്‍ക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത്. അതിനുമുമ്പുതന്നെ നടപടികള്‍ തുടങ്ങിയിരുന്നു. അഞ്ച് കോടി രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ ഒരു സംരംഭം പ്രതിവര്‍ഷം 2500 കോടി രൂപ വാര്‍ഷിക ലാഭവിഹിതവും 10,000 കോടിയിലേറെ രൂപ നികുതിയും കേന്ദ്രസര്‍ക്കാരിന് നല്‍കുന്നു.

32 ലക്ഷം കോടി രൂപയുടെ സ്വത്ത് സ്വരൂപിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് എല്‍ ഐ സി. 29 കോടി ആളുകള്‍ക്ക് കാര്യക്ഷമമായി സേവനവും 13 ലക്ഷത്തിലേറെ പേര്‍ക്ക് തൊഴിലും നല്‍കുന്ന ഈ സ്ഥാപനം അതിവേഗം സ്വകാര്യ മേഖലക്കു കൈമാറുമെന്നാണ് പുതിയ ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമ്പോള്‍ അത് വാങ്ങാന്‍ സര്‍ക്കാരിനെ സഹായിച്ചിരുന്നതും ഇതുവരെ എല്‍ ഐ സിയാണ്.

 

Latest