Connect with us

flat scam

കോടികളുടെ ഫ്‌ളാറ്റ് തട്ടിപ്പ്: ഒരു വ്യാഴവട്ടക്കാലം ഒളിവിലായിരുന്ന പ്രതി പിടിയില്‍

പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പക്കല്‍ നിന്നും കോടികൾ വാങ്ങി കബളിപ്പിക്കുകയായിരുന്നു.

Published

|

Last Updated

തിരുവല്ല | കോടികളുടെ ഫ്‌ളാറ്റ് തട്ടിപ്പ് നടത്തി 12 വര്‍ഷമായി മുങ്ങി നടന്ന സി വി പി ഫ്‌ളാറ്റ് ഉടമ അറസ്റ്റില്‍.  തിരുവല്ല, തുകലശ്ശേരി ചന്ദ്രവിരുതില്‍ വീട്ടില്‍ ബോബന്‍ എന്ന് വിളിക്കുന്ന സി പി ജോണ്‍ ആണ് പിടിയിലായത്. തിരുവല്ല കുരിശ്ശൂകവലയിലെ സി വി പി ഫ്‌ളാറ്റ് സമുച്ഛയത്തില്‍ ഫ്‌ളാറ്റ് നല്‍കാമെന്നു പറഞ്ഞ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പക്കല്‍ നിന്നും കോടികൾ വാങ്ങി കബളിപ്പിക്കുകയായിരുന്നു. പരാതികള്‍ വന്നതോടെ പലര്‍ക്കും വണ്ടിചെക്കുകള്‍ നല്‍കി വീണ്ടും കബളിപ്പിച്ചു മുങ്ങുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ പല പോലീസ് സ്റ്റേഷനുകളായി നിരവധി കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരവധി തവണ പോലീസ് പിടിയിലാകുന്ന സാഹചര്യം ഉണ്ടായിട്ടും പ്രതി അധിവിദഗ്ധമായി രക്ഷപെടുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി കളമശ്ശേരിയിലുള്ള വാടക വീട്ടില്‍ ഉണ്ടെന്ന അറിഞ്ഞ പോലീസ്, തിരുവല്ല ഡി വൈ എസ് പി എസ് അര്‍ശാദിന്റെ നിര്‍ദേശനുസരണം എസ് എച്ച് ഒ സുനില്‍ കൃഷ്ണന്‍ ബി കെ യുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഹക്കിം ജി, സിവില്‍ പോലീസ് ഓഫീസറായ ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഡ്രൈവര്‍ മാത്യു പി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവല്ലയില്‍ ഇയാൾക്കെതിരെ എട്ട് വാറന്റുകള്‍ ആണ് ഉണ്ടായിരുന്നത്. കൂടാതെ കാഞ്ഞിരപ്പള്ളിയില്‍ അഞ്ച് വാറന്റും ചെങ്ങന്നൂരില്‍ ഒരു വാറന്റുമുണ്ട്. തിരുവല്ല മാജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.