Connect with us

Kerala

പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച നാല് പോലീസുകാര്‍ക്ക് അഞ്ചരലക്ഷം ധനസഹായം

പിടികിട്ടാപ്പുള്ളിയും നിരവധിക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ചാവര്‍കോട് സ്വദേശി അനസ് ജാന്‍ (30) ആണ് പൊലീസുകാരെ ആക്രമിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| വധശ്രമക്കേസിലെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ച പോലീസുകാര്‍ക്ക് ധനസഹായം. അഞ്ചരലക്ഷം രൂപയാണ് നാല് പോലീസുകാര്‍ക്ക് വെല്‍ഫെയര്‍ ബ്യൂറോയില്‍ നിന്ന് ധനസഹായമായി ഡിജിപി അനില്‍കാന്ത് അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ സി പി ഒമാരായ എസ് എല്‍ ചന്തു, എസ് എല്‍ ശ്രീജിത്, സി വിനോദ്കുമാര്‍, ഗ്രേഡ് എസ് ഐ ആര്‍ അജയന്‍ എന്നിവര്‍ക്ക് അഞ്ചരലക്ഷം അനുവദിച്ചത്. ചന്ദു, ശ്രീജിത് എന്നിവര്‍ക്ക് ചികിത്സാ സഹായമായി രണ്ട് ലക്ഷം രൂപയും അജയന് ഒരു ലക്ഷം രൂപയും വിനോദ് കുമാറിന് 50000 രൂപയുമാണ് നല്‍കിയത്. പിടികിട്ടാപ്പുള്ളിയും നിരവധിക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ചാവര്‍കോട് സ്വദേശി അനസ് ജാന്‍ (30) ആണ് പൊലീസുകാരെ ആക്രമിച്ചത്.

വധശ്രമക്കേസിലെ പ്രതിയായ അനസിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായത്. കുത്തേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമവിവരം അറിഞ്ഞ് കൂടുതല്‍ പൊലീസുകാര്‍ എത്തി അനസിനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുപതോളം കേസുകളില്‍ പ്രതിയാണ് അനസെന്നും ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കാണ് കുത്തേറ്റത്.