Connect with us

National

കര്‍ഷകര്‍ അന്നദാതാക്കളാണ്, അവരുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയാര്‍; കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍

സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം കരിമ്പ് ഉള്‍പ്പെടെയുള്ളവയുടെ മിനിമം താങ്ങുവില വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി| കര്‍ഷകര്‍ അന്നദാതാക്കളാണ്, അവരുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാറെന്ന്‌ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഏക പോംവഴി അവരുമായി സംസാരിക്കുക എന്നതുമാത്രമാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ഷകരോട് ബഹുമാനമുണ്ടായിരുന്നില്ലെന്നും ധനസഹായം നല്‍കുന്ന കാര്യത്തില്‍ നിരുത്തരവാദിത്വപരമായ നിലപാടാണ് ഉണ്ടായിരുന്നതെന്നും താക്കൂര്‍ വിമര്‍ശിച്ചു.

യു.പി.എ കാലത്ത് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമൊന്നും ലഭിച്ചിരുന്നില്ലെന്നും മോദി സര്‍ക്കാര്‍ പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്ക്ക് കീഴില്‍ 1.54 ലക്ഷം കോടി രൂപയുടെ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കിയെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം കരിമ്പ് ഉള്‍പ്പെടെയുള്ളവയുടെ മിനിമം താങ്ങുവില വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തുടരുകയാണ്. യുവകര്‍ഷകന്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കര്‍ഷക മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഖനൗരിയില്‍ നടന്ന അനിഷ്ടസംഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് ഡല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കുന്നതായി കര്‍ഷക നേതാവായ സര്‍വാണ്‍ സിംഗ് പന്ദേര്‍ പറഞ്ഞു.

കര്‍ഷക നേതാക്കള്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ ഇന്ന് സന്ദര്‍ശിക്കും. തുടര്‍ന്നുള്ള നീക്കങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാടകീയമായ സംഭവവികാസങ്ങളാണ് ഖനൗരിയിലും ശംഭു അതിര്‍ത്തിയിലും ബുധനാഴ്ച ഉണ്ടായത്. അതിര്‍ത്തി കടക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ ഹരിയാന പോലീസ് നിരന്തരം ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിന്റെ ഭാഗമായി ഹരിയാന പോലീസ് സ്ഥാപിച്ച ബാരിക്കേടുകള്‍ മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെയാണ് രംഗം വഷളായത്.

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു യുവ കര്‍ഷകന്‍ കൊല്ലപ്പെടുകയും ചെയ്തു.  ശുഭ് കരന്‍ സിങ് ആണ് ഹരിയാന പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് അറിയിച്ചു.

 

 

 

 

Latest