UAE
പ്രവാസത്തിൻ്റെ പ്രിയ കവിക്ക് യാത്രയയപ്പ് നൽകി
പ്രവാസ ജീവിതത്തെ ആഴത്തിൽ തൊട്ടറിഞ്ഞ സാഹിത്യകാരൻ
ഫുജൈറ | പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന പ്രവാസി എഴുത്തുകാരൻ സത്യൻ മാടാക്കരക്ക് കലാലയം സാംസ്കാരിക വേദി യു എ ഇ നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി. സാമൂഹിക- സംസ്കരിക- കലാ രംഗത്ത് നിറസാന്നിധ്യമായിരുന്ന സത്യൻ മാടാക്കര ആർ എസ് സി സാഹിത്യോത്സവിലും മറ്റു സാംസ്‌കാരിക- സാഹിത്യ പരിപാടികളിലും നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.
അറബ് ലോകത്തെ മലയാളി എഴുത്തുകാരിൽ പ്രശസ്തനാണ് സത്യൻ മാടാക്കര. മുപ്പത് വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് അദ്ധേഹം നാട്ടിലേക്ക് മടങ്ങുന്നത്. പ്രവാസ ജീവിതത്തെ ആഴത്തിൽ തൊട്ടറിഞ്ഞ അദ്ദേഹത്തിൻ്റെ എഴുത്തുകളിലെല്ലാം പ്രവാസ വിഷയങ്ങൾ കടന്നുവരുന്നതായി കാണാം. കവിത, ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ എന്നിവയിലെല്ലാം പ്രവാസ ലോകത്തിരുന്ന് അദ്ദേഹം കൈയ്യൊപ്പുകൾ ചാർത്തിയിട്ടുണ്ട്. പത്തോളം പുസ്തകങ്ങൾ അദ്ദേഹത്തിൻ്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ– സാംസ്കാരിക പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം പ്രവാസി മലയാളികൾക്കിടയിൽ പരിചത മുഖമാണ്.
കോഴിക്കോട് വടകര മാടാക്കര സ്വദേശിയാണ്. മരുഭൂമിയിലെ ജീവിതപരിസരത്തെയും കടലിനെയും തുറമുഖത്തെയും മരങ്ങളെയും പക്ഷികളെയും മനുഷ്യരെയും കുറിച്ച് അദ്ദേഹം കവിതകളും ലേഖനങ്ങളുമെഴുതി. വിവിധ ആനുകാലികങ്ങളിൽ തൻ്റെതായ ഇടം അദ്ദേഹം ഉണ്ടാക്കിയെടുത്തിരുന്നു.
കടൽ കപ്പൽ മീൻ, ആദർശ ചിഹ്നം, മലബാർ സ്കെച്ചുകൾ, മഴപെഴ്തില്ല മയിലും വന്നില്ല, മണല്‍, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിര്‍മിക്കുന്നില്ല എന്നിവ അദ്ദേഹത്തിൻ്റെ പ്രധാനകൃതികളാണ് .
യാത്രയയപ്പ് ചടങ്ങിൽ റശീദ് ഇബ്റാഹീം, സഈദ് സഅദി മാണിയൂർ, ശരീഫ് കോട്ടക്കൽ, ഫൈസൽ താനൂർ, കോയ സഖാഫി എന്നിവർ സംബന്ധിച്ചു.







