From the print
പുന്നപ്രയുടെ ഇതിഹാസ നായകനെ തേടി അണികളുടെ ഒഴുക്ക്
വലിയ ചുടുകാട്ടിലും വേലിക്കകത്ത് വീട്ടിലും സന്ദര്‍ശകത്തിരക്ക്.

ആലപ്പുഴ | പുന്നപ്ര സമര പോരാട്ടങ്ങളുടെ ഇതിഹാസനായകന്‍ രണഭൂമിയില്‍ അലിഞ്ഞ് ചരിത്രത്തിന്റെ ഭാഗമായെങ്കിലും പ്രിയസഖാവിനെ ജീവന് തുല്യം സ്‌നേഹിച്ചവരുടെ ഒഴുക്ക് നിലക്കുന്നില്ല. വി എസ് അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടിലെത്തി മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നവരും സഖാവിന്റെ വേര്‍പാടില്‍ ദുഃഖം പേറി ആത്മഗതം കൊള്ളുന്നവരും നിരവധിയാണ്.
ചിതയെരിഞ്ഞു കഴിഞ്ഞിട്ടും ചുടുകാട് വിട്ടുപോകാന്‍ കൂട്ടാക്കാതെ സഖാവിന്റെ വേര്‍പാടില്‍ സങ്കടപ്പെടുന്ന നിരവധി പേരെയാണ് രക്തസാക്ഷിസ്മാരകത്തിന് സമീപം കാണാനായത്. ദൂരദിക്കുകളില്‍ നിന്നു പോലും ഒറ്റയായും കൂട്ടമായും നിരവധി പേര്‍ സഖാവിന്റെ അന്ത്യവിശ്രമ സ്ഥലത്തെത്തുന്നുണ്ട്.
വി എസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിലും സന്ദര്‍ശകരുടെ തിരക്കാണ്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചും സഖാവിനോടുള്ള സ്‌നേഹാദരവുകള്‍ പങ്കുവെച്ചും സമൂഹത്തിന്റെ വിവിധ തുറകളിലുളള പ്രമുഖരടക്കം വേലിക്കകത്ത് വീട്ടിലേക്ക് എത്തുന്നുണ്ട്.
21ന് വൈകിട്ട് അന്തരിച്ച വി എസിന്റെ ഭൗതിക ശരീരം 23ന് രാത്രി ഒമ്പതോടെയാണ് പുന്നപ്ര വലിയചുടുകാട്ടിലെ രക്തസാക്ഷി സ്മാരകത്തിനോട് ചേര്‍ന്ന് സംസ്‌കരിച്ചത്.
തലസ്ഥാനത്ത് നിന്ന് 22ന് ഉച്ചക്കു ശേഷം രണ്ടരയോടെ പുറപ്പെട്ട വിലാപയാത്ര പിറ്റേന്ന് ഉച്ചക്ക് 12.30ഓടെയാണ് കുടുംബവീടായ വേലിക്കകത്തെത്തിക്കുന്നത്. വഴിനീളെ പ്രിയസഖാവിനെ കാത്തുനിന്ന ആബാലവൃദ്ധം ഹൃദയവേദനയോടെ വിങ്ങിപ്പൊട്ടിയാണ് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. ജന്മനാട്ടിലെത്തിയതോടെ ജനത്തിരക്ക് പ്രവചനാതീതമായി. ജനസമുദ്രം ഒഴുകിയെത്തിയ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കുന്നതായി.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ആയിരങ്ങളാണ് പ്രിയനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. വലിയ ചുടുകാട്ടിലെ സംസ്‌കാര ചടങ്ങുകളും കോരിച്ചൊരിയുന്ന മഴക്കിടെയായിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷിനേതാക്കള്‍ വി എസിനെ അനുസ്മരിച്ചു.