Kerala
നീറ്റ് പരീക്ഷക്ക് വ്യാജ അഡ്മിറ്റ് കാര്‍ഡ്; അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍
നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി തിരുപുറം സ്വദേശിനി ഗ്രീഷ്മയാണ് അറസ്റ്റിലായത്.

പത്തനംതിട്ട | നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍ വ്യാജ ഹാള്‍ ടിക്കറ്റ് തയാറാക്കിക്കൊടുത്ത കേസില്‍ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി തിരുപുറം സ്വദേശിനി ഗ്രീഷ്മയാണ് അറസ്റ്റിലായത്. ഹാള്‍ടിക്കറ്റ് എടുത്തു നല്‍കിയത് അക്ഷയ സെന്ററിലെ ജീവനക്കാരിയാണെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയും മാതാവും മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ, പത്തനംതിട്ട പോലീസ് നെയ്യാറ്റിന്‍കരയിലെത്തി അക്ഷയ സെന്ററിന്റെ നടത്തിപ്പുകാരന്‍ സത്യദാസിനെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് ഗ്രീഷ്മയെ പരശുവയ്ക്കല്‍ ഭാഗത്തുനിന്ന് അന്വേഷണസംഘം ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.
നെയ്യാറ്റിന്‍കരയില്‍ ജോലിചെയ്യുന്ന അക്ഷയ സെന്ററിലാണ് വ്യാജമായി ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയതെന്ന് ഗ്രീഷ്മ സമ്മതിച്ചു. ഹാള്‍ ടിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയെങ്കിലും ബാര്‍ കോഡും സാക്ഷ്യപത്രവും തിരുത്താന്‍ സാധിച്ചില്ലെന്നും യുവതി മൊഴി നല്‍കി. അക്ഷയ സെന്ററിലെത്തി പോലീസ് തെളിവെടുപ്പ് നടത്തുകയും ജില്ലാ പോലീസ് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നാലുമാസം മുമ്പാണ് ഗ്രീഷ്മ നെയ്യാറ്റിന്‍കരയിലെ അക്ഷയയില്‍ ജോലിക്ക് എത്തുന്നത്. ഗ്രീഷ്മയുടെ പരിചയക്കാരിയാണ് ജിത്തുവിന്റെ മാതാവ്. പരീക്ഷയ്ക്കായി 1,800 രൂപ ഫീസ് നല്‍കിയെങ്കിലും ഗ്രീഷ്മ സമയത്ത് അപേക്ഷ അയക്കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തില്ല. എന്നാല്‍ വിദ്യാര്‍ഥിയുടെ മാതാവ് അഡ്മിറ്റ് കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍, പരീക്ഷ എഴുതാന്‍ കുട്ടി പോകില്ലെന്ന വിശ്വാസത്തില്‍ പത്തനംതിട്ടയിലെ ഒരു പരീക്ഷാ സെന്ററിന്റെ പേരുപയോഗിച്ച് തിരുവനന്തപുരത്തെ മറ്റൊരു വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡ് തിരുത്തി നല്‍കുകയായിരുന്നുവെന്നും യുവതി മൊഴിനല്‍കി. ഇത് മേയ് രണ്ടിന് വിദ്യാര്‍ഥിയുടെ മാതാവിന്റെ മൊബൈല്‍ ഫോണിലേക്ക് ഗ്രീഷ്മയുടെ വാട്സാപ്പ് നമ്പറിലൂടെ അയച്ചു നല്‍കി. ഹാള്‍ടിക്കറ്റിന്റെ പ്രിന്റ് കാരകോണത്തുള്ള കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്നാണ് എടുത്തതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഹാള്‍ടിക്കറ്റില്‍ പറയുന്ന സെന്ററിലേക്ക് പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥി മാതാവിനൊപ്പം പത്തനംതിട്ടയില്‍ എത്തിയെങ്കിലും അവിടെ പരീക്ഷ ഇല്ലായിരുന്നു. തുടര്‍ന്ന് നീറ്റ് പരീക്ഷ നടന്ന പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് എച്ച് എസ് എസ്സിലെത്തി. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ഹാള്‍ ടിക്കറ്റാണെന്ന് പ്രാഥമികമായി തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ക്ലറിക്കല്‍ സംബന്ധമായ പിശകായി കരുതി ഇയാളുടെ അവസരം നഷ്ടപ്പെടാതിരിക്കാന്‍ പരീക്ഷാ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരം അധികൃതര്‍ താത്ക്കാലികമായി സെന്ററില്‍ പ്രവേശിപ്പിക്കുകയും, വിദ്യാര്‍ഥി പരീക്ഷ എഴുതിത്തുടങ്ങുകയും ചെയ്തു. വിശദ പരിശോധനയില്‍ വിദ്യാര്‍ത്ഥി ഹാജരാക്കിയ അഡ്മിറ്റ് കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന്, സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ വിളിച്ചറിയിച്ചതു പ്രകാരം പരീക്ഷ എഴുതുന്നതില്‍ നിന്നും മൂന്ന് മണിയോടെ വിദ്യാര്‍ഥിയെ അധികൃതര്‍ തടയുകയായിരുന്നു. തിരുവനന്തപുരം ഗവ. വി എച്ച് എസ് എസില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡുമായി ഇയാള്‍ ഹാജരാക്കിയ അഡ്മിറ്റ് കാര്‍ഡിന് സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
പേര്, മാതാവിന്റെ പേര്, ജനന തീയതി, ഒപ്പ് ഇവയൊഴികെയുള്ള വിവരങ്ങളില്‍ സാമ്യമുള്ളതായി വിശദ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, നീറ്റ് പരീക്ഷ ഒബ്സെര്‍വര്‍ ഡോ. എസ് കെ മഹേഷിന്റെ പരാതിയില്‍ പത്തനംതിട്ട പോലീസ് കേസെടുക്കുകയായിരുന്നു. ജിത്തു പ്ലസ് ടു കഴിഞ്ഞ് ഒരു വര്‍ഷം നീറ്റ് പരീക്ഷക്കായി കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയിരുന്നു. എസ് ഐ. കെ ആര്‍ രാജേഷ് കുമാറാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.