Connect with us

fact check

FACT CHECK: കൊറോണവൈറസിന്റെ മറ്റ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്ത ലക്ഷണങ്ങളോ ഒമിക്രോണിന്?

ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം:

Published

|

Last Updated

കൊറോണവൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകമെങ്ങും. മറ്റ് വകഭേദങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഒമിക്രോണിന്റെ ലക്ഷണങ്ങളെന്ന തരത്തില്‍ ഒരു സന്ദേശം വാട്ട്‌സാപ്പിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം:

പ്രചാരണം : കൊവിഡിന്റെ പ്രധാന ലക്ഷണങ്ങളായ കഫക്കെട്ടും ചുമയും പനിയും സന്ധിവേദനയും ഒമിക്രോണ്‍ ബാധിച്ചാലുണ്ടാകില്ല. എന്നാല്‍ ന്യുമോണിയയുണ്ടാകും. എക്‌സ് റേയിലൂടെ മാത്രമാണ് ന്യുമോണിയ കണ്ടെത്താന്‍ സാധിക്കൂ. ചെറിയ ക്ഷീണവും വിശപ്പ് നഷ്ടപ്പെടലും കൂടെയുണ്ടാകും. ചിലപ്പോള്‍ തീരെ ലക്ഷണങ്ങളുണ്ടാകില്ല. അതിനാല്‍ തന്നെ മരണ നിരക്ക് കുത്തനെയുയരും. മാത്രമല്ല, രോഗാവസ്ഥ ഉച്ഛസ്ഥായിയിലെത്താന്‍ അധിക സമയം എടുക്കില്ല. ഉത്തർ പ്രദേശ് സർക്കാർ നടപടികൾ ശക്തമാക്കിയത് ഇതിന് തെളിവാണ് (വിവിധ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം).

വസ്തുത : കൊവിഡ് ആരംഭിച്ചത് മുതല്‍ പ്രചരിക്കുന്ന സന്ദേശമാണിത്. ചില ഇടവേളകളില്‍ വൈറലാകും. നവംബര്‍ 24നാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണിനെ സംബന്ധിച്ച് തീര്‍പ്പിലെത്താന്‍ സമയമായിട്ടില്ലെന്ന് മെഡിക്കല്‍ ലോകം പറയുന്നു. അതിനാല്‍, ഈ വകഭേദത്തിന്റെ ലക്ഷണങ്ങളായി പനിയും ചുമയുമുണ്ടാകില്ലെന്ന് പറയാനാകില്ല. ശരീരക്ഷീണം പ്രധാന ലക്ഷണമാണെന്ന് ഡബ്ല്യു എച്ച് ഒ വ്യക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തില്‍, മാസങ്ങളായി വാട്ട്‌സാപ്പിലും മറ്റും പ്രചരിക്കുന്ന സന്ദേശമാണ് ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴും ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് പറക്കുന്നത്. അതിനാല്‍, ഒമിക്രോണിന് ലക്ഷണങ്ങളൊന്നുമുണ്ടാകില്ലെന്ന് പറയാനായിട്ടില്ല.