യാത്ര
ഉമ്പുലുകൾ വോൾക്കാനോ ജീവിതത്തിന്റെ സിമ്പലുകൾ
മഴവെള്ളം സംഭരിച്ച് വെക്കാനുള്ള പ്രത്യേക കഴിവുണ്ട് വോൾക്കാനോകൾക്ക്. അവക്ക് ചെരുവിൽ സ്ഥിതി ചെയ്യുന്ന നാടുകളിൽ സംഭരിച്ച വെള്ളമത്രയും ഉറവകളായി ലഭിക്കും. ഈ ശുദ്ധജല ലഭ്യതയാണ് ക്ലാറ്റന്റെ മറ്റൊരു പ്രത്യേകത.
അഗ്നിപർവതങ്ങളുടെ ഭീകരതയാണ് നമ്മളിതുവരെ വായിച്ചത്. ഈ രാജ്യത്ത് മുഴുക്കെ അന്നവും വെള്ളവും നൽകി പരിപാലിക്കുന്ന കരുതലിന്റെ മുഖം കൂടിയുണ്ട് വോൾക്കാനോകൾക്ക്. അതനുഭവിക്കാൻ കഴിയുന്ന ഏറ്റവും മികച്ച നാടാണ് സെൻട്രൽ ജാവയിലെ ക്ലാറ്റൺ. പച്ചപ്പിന്റെ പര്യായമാണ് ഈ ഗ്രാമദേശം. നെഞ്ച് വിരിച്ച് നിൽക്കുന്ന രണ്ട് വോൾക്കാനോകൾക്ക് താഴെ (മെറാപ്പി, മെർബാബു) സ്വർണം വിളയിക്കുന്ന മണ്ണ്. എത്ര തവണ ക്ലാറ്റണിൽ പോയെന്ന് തെര്യപ്പെടുത്താനാകില്ല. ഓരോ തവണയും വ്യത്യസ്ത അനുഭവങ്ങൾ തേടിയാണ് പോകാറുള്ളത്. പ്രതീക്ഷിച്ചതിലുപരി മനോഹരമായി അവ ലഭിക്കാറുമുണ്ട്.
വോൾക്കാനോകളുടെ പൊട്ടിത്തെറികൾ പരിസരപ്രദേശങ്ങളിലെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കും. നെല്ലും പച്ചക്കറികളും അത്രയേറെ കൃഷി ചെയ്യുന്നുണ്ടിവിടെ. ഹൈറേഞ്ചുകൾ മാറ്റിനിർത്തിയാൽ ചൂടുള്ള കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ പച്ചക്കറിക്കൃഷി കാണാൻ കഴിഞ്ഞതും ക്ലാറ്റണിലാണ്.
മഴവെള്ളം സംഭരിച്ച് വെക്കാനുള്ള പ്രത്യേക കഴിവുണ്ട് വോൾക്കാനോകൾക്ക്. അവക്ക് ചെരുവിൽ സ്ഥിതി ചെയ്യുന്ന നാടുകളിൽ സംഭരിച്ച വെള്ളമത്രയും ഉറവകളായി ലഭിക്കും. ഈ ശുദ്ധജല ലഭ്യതയാണ് ക്ലാറ്റന്റെ മറ്റൊരു പ്രത്യേകത. വർഷത്തിൽ പന്ത്രണ്ട് മാസവും തണുത്ത വെള്ളം ചുരത്തുന്ന ഭൂമി. കൂടുതൽ ഉറവകളുള്ള ഭാഗങ്ങളിൽ ഇവർ നിർമിച്ചു വെച്ച നീന്തൽക്കുളങ്ങളാണ് ഉമ്പുലുകൾ. ഓരോ ഉമ്പുലിൽ ചെന്നാലും അതിന്റെ ഉറവ അന്വേഷിച്ച് ഊളിയിടലാണ് പ്രധാന വിനോദം. തണുത്ത നെൽത്തണ്ണീർ കുളങ്ങളിൽ ഒളിഞ്ഞ് കിടക്കുന്ന കടും തണുപ്പുള്ള ശുദ്ധജല പ്രവാഹം. അതിന് നേരെ മുഖം വെച്ച് കൊടുക്കുമ്പോൾ ആദ്യ മഴ കൊള്ളുന്നത് പോലൊരു അനുഭൂതിയാണ്.
അഗ്നിപർവതങ്ങൾക്കെല്ലാം മേൽ പറഞ്ഞ സ്വഭാവമുണ്ടെങ്കിലും ക്ലാറ്റണെ പോലെ ഉമ്പുലുകൾ മറ്റൊരു നാട്ടിലും കണ്ടിട്ടും കേട്ടിട്ടുമില്ല. “ആയിരം ഉമ്പുലുകളുടെ നാട്’ എന്ന വിളിപ്പേര് ക്ലാറ്റണ് മാത്രമാണ്. മെറാപ്പി വോൾക്കാനോയുടെ ചെരിവിൽ ക്ലാറ്റന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും മധ്യജാവയിലെ മഴയുടെ ലഭ്യതയുമൊക്കെയാകണം കാരണം.
പണ്ടത്തെ രാജാക്കൻമാർ ഏറ്റവും നല്ല ഉറവയുള്ള സ്ഥലങ്ങളിൽ സ്വകാര്യ ഉമ്പുലുകൾ ഉണ്ടാക്കാറുണ്ടായിരുന്നു. ഉദാഹരണം ഉമ്പുൽ പെങ്കിംഗ്. പൊതുജനങ്ങൾക്ക് വേണ്ടി ഒട്ടേറെ ഉമ്പുലുകൾ വേറെയുണ്ട്. ഈ രണ്ട് ഗണത്തിലുമായി ഇതുവരെ പതിനഞ്ചോളം ഉമ്പുലുകളിൽ ഇറങ്ങിയിട്ടുണ്ട്. ഇന്ത്യൻ രൂപ എൺപത് രൂപ വരും. മാന്തെൻ, പൊംഗ്ഗോക്, സിഗെഡാങ്, ബ്രിൻറിക്, നിലോ, ചൊക്രോ, കപിൽഅലർ, ബെസുകി, സുസുഹ്, സെൻഡാംഗേദി, തീർഥോമൂല്യോ തുടങ്ങിയവയാണ് പ്രധാന ഉമ്പുലുകൾ.
വൻകിട കുടിവെള്ള കമ്പനികൾക്കെല്ലാം ക്ലാറ്റണിൽ ഫാക്ടറികളുണ്ട്. അഖ്വ (AQUA) ഒരുദാഹരണം. അഖ്വക്ക് ഇന്തോനേഷ്യയിലൊട്ടാകെ കുടിവെള്ള നിർമാണശാലകളുണ്ട്. എന്നിട്ടും “ക്ലാറ്റൺ അഖ്വ’ ഫേവറേറ്റ് ഗണത്തിൽ എണ്ണുന്ന ഒരുപാട് ഇന്തോനേഷ്യക്കാരെ കാണാം. ധാതുക്കളുടെ വ്യത്യാസം വെള്ളത്തിന്റെ രുചിയിൽ മാറ്റം വരുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണല്ലോ.
സാംസ്‌കാരികാചാരങ്ങളിൽ വിശ്വാസം കലർത്തപ്പെട്ട ചരിത്രം കൂടിയുണ്ട് ഉമ്പുലുകൾക്ക്. പാദൂസാൻ (Padusan) എന്ന് വിളിക്കപ്പെടുന്ന ആഘോഷം നടക്കുക വ്രതകാലത്തിന് തൊട്ടുമുമ്പാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നനച്ചുകുളിക്ക് അവർ തിരഞ്ഞെടുക്കുന്നത് ഇത്തരം ജലപ്രവാഹങ്ങളാണ്. കണ്ണായ ജലം അല്ലെങ്കിൽ കണ്ണുനീർ എന്നാണ് ബഹസ ഇന്തോനേഷ്യയിൽ ഉമ്പുലുകളുടെ വിളിപ്പേര് തന്നെ. ഓരോ ഉമ്പുലുകൾക്കും വ്യത്യസ്ത സ്വഭാവമാണ്. അണ്ടർവാട്ടർ ഫോട്ടോഗ്രാഫിക്കായത് കടും തണുപ്പുള്ളത്. കൂടുതൽ മീനുകളുള്ളത്, തെറാപ്പി മത്സ്യങ്ങളുള്ളത്, ആഴം കൂടിയത്, അങ്ങനെയങ്ങനെ…
Content Highlights:
Klaten in Central Java is famously known as the land of a thousand Umbulls due to its numerous natural freshwater springs originating from the volcanic slopes of Mount Merapi. The volcanic eruptions have blessed the region with highly fertile soil, making it a hub for rich agricultural activities including rice and vegetable cultivation. These pristine natural pools serve as prominent tourist attractions for swimming, underwater photography, and traditional rituals like Padusan before the fasting season. Major mineral water companies have also established factories here due to the exceptional taste and mineral quality of the natural spring water.







