Connect with us

union budget 2022

EXPLINER | എന്താണ് ബജറ്റ്? അത് എങ്ങനെ നിർമ്മിക്കപ്പെടുന്നു? - അറിയേണ്ടതെല്ലാം...

എന്താണ് ബജറ്റ്? എങ്ങനെയാണ് അത് തയ്യാറാക്കുന്നത്? എന്തുകൊണ്ടാണ് ഇത് രാജ്യത്തിന് പ്രധാനമാകുന്നത്? ബജറ്റിനെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍.

Published

|

Last Updated

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കണക്കവതരണം എന്നതിലുപരി സാമ്പത്തിക ഭാവിയുടെ വഴികാട്ടികൂടിയായതിനാല്‍ മുഴുവന്‍ കണ്ണുകളും ബജറ്റിലാണ്. കൊവിഡ് മൂന്നാം തരംഗത്തോട് രാജ്യം പോരാടുന്ന സമയത്താണ് ഈ വര്‍ഷത്തെ ബജറ്റ് വരുന്നത്. അതിനാല്‍ ഇതിന് പ്രാധാന്യം കൂടുതലാണ്.

എന്താണ് ബജറ്റ്? എങ്ങനെയാണ് അത് തയ്യാറാക്കുന്നത്? എന്തുകൊണ്ടാണ് ഇത് രാജ്യത്തിന് പ്രധാനമാകുന്നത്? ബജറ്റിനെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍.

എന്താണ് ബജറ്റ്?

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 112 അനുസരിച്ച്, രാജ്യത്തിന്റെ വാര്‍ഷിക സാമ്പത്തിക ഓഡിറ്റാണ് കേന്ദ്ര ബജറ്റ്. ഒരു പ്രത്യേക വര്‍ഷത്തേക്കുള്ള ഗവണ്‍മെന്റിന്റെ വരുമാനത്തിന്റെയും ചെലവിന്റെയും ഏകദേശ പ്രസ്താവനയാണത്. എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കണം.

ഇന്ത്യയിലെ സാമ്പത്തിക വര്‍ഷ കാലയളവ് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ്. ഈ കാലയളവിലേക്കാണ് രാജ്യത്തിന്റെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.

ബജറ്റും ജിഡിപിയും

രാജ്യത്തിന്റെ ബജറ്റ് ജിഡിപിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു നിശ്ചിത വര്‍ഷത്തില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ നിലവിലെ വിപണി മൂല്യത്തെയാണ് ജിഡിപി എന്ന് വിളിക്കുന്നത്. ജിഡിപി എന്നാല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ബജറ്റ്. യഥാര്‍ത്ഥത്തില്‍, ജിഡിപി ഇല്ലാതെ ബജറ്റിംഗ് സാധ്യമാകുകയില്ല. ജിഡിപി അറിയാതെ, ധനക്കമ്മി എത്രമാത്രം നിലനിര്‍ത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാനാവില്ല.

കൂടാതെ, ജിഡിപി ഇല്ലെങ്കില്‍, സര്‍ക്കാര്‍ വരും വര്‍ഷത്തില്‍ എത്രമാത്രം സമ്പാദിക്കുമെന്ന് അറിയാന്‍ പോലും കഴിയില്ല. വരുമാനം കണക്കാക്കാതെ, ഏത് പദ്ധതിയില്‍ എത്ര തുക ചെലവഴിക്കണമെന്ന് തീരുമാനിക്കാനും സര്‍ക്കാരിന് ബുദ്ധിമുട്ടായിരിക്കും.

ധനക്കമ്മി ലക്ഷ്യം വെക്കണം

ജിഡിപിക്ക് പുറമേ, ഒരു വര്‍ഷത്തെ ബജറ്റിന്, ധനക്കമ്മി ലക്ഷ്യമാക്കേണ്ടതും ആവശ്യമാണ്. ജിഡിപിക്ക് ആനുപാതികമായാണ് ധനക്കമ്മി നിശ്ചയിക്കുന്നത്. ധനക്കമ്മിയുടെ നിശ്ചിത തലം അനുസരിച്ച്, ആ വര്‍ഷത്തെ സര്‍ക്കാര്‍ വായ്പ എടുക്കുന്നു. ജിഡിപി ഉയര്‍ന്നാല്‍, ചെലവിനായി വിപണിയേക്കാള്‍ കൂടുതല്‍ വായ്പ എടുക്കാന്‍ സര്‍ക്കാരിന് കഴിയും.

ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന കാര്യങ്ങള്‍

ലളിതമായി പറഞ്ഞാല്‍, സര്‍ക്കാരിന്റെ പൊതു ബജറ്റ് അതിന്റെ വരുമാനത്തിന്റെയും ചെലവിന്റെയും വിശദാംശങ്ങളാണ്. പൗരന്മാരുടെ ക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവുകള്‍, ഇറക്കുമതിക്കുള്ള ചെലവുകള്‍, പ്രതിരോധ ചെലവുകള്‍, ശമ്പളം, വായ്പയുടെ പലിശ എന്നിവയാണ് സര്‍ക്കാരിന്റെ പ്രധാന ചെലവുകള്‍.

അതേസമയം, സര്‍ക്കാരിലേക്കുള്ള വരുമാനത്തിന്റെ വിഹിതത്തില്‍ നികുതി, പൊതു കമ്പനികളുടെ വരുമാനം, ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതില്‍ നിന്നുള്ള വരുമാനം എന്നിവ ഉള്‍പ്പെടുന്നു.

കേന്ദ്ര ബജറ്റിനെ റവന്യൂ ബജറ്റ്, മൂലധന ബജറ്റ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിക്കാം:

റവന്യൂ ബജറ്റ്: ഈ ബജറ്റ് സര്‍ക്കാരിന്റെ വരവുചെലവുകളുടെ കണക്കാണ്. അതില്‍ റവന്യൂ രസീത് അല്ലെങ്കില്‍ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനവും റവന്യൂ ചെലവും ഉള്‍പ്പെടുന്നു.

സര്‍ക്കാരിന് ലഭിക്കുന്ന റവന്യൂ രസീത് അല്ലെങ്കില്‍ വരുമാനം രണ്ട് തരത്തിലാണ് – നികുതിയില്‍ നിന്നുള്ള വരുമാനവും നികുതിയേതര വരുമാനവും.

സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനും പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും വേണ്ടിയുള്ള ചെലവാണ് റവന്യൂ ചെലവ്.

സര്‍ക്കാരിന്റെ റവന്യൂ ചെലവ് അതിന്റെ റവന്യൂ രസീതിനെക്കാള്‍ കൂടുതലാണെങ്കില്‍, സര്‍ക്കാരിന് റവന്യൂ കമ്മി ഉണ്ടെന്നാണ് അര്‍ഥം

മൂലധന ബജറ്റ്: അതില്‍ ഗവണ്‍മെന്റിന്റെ മൂലധന രസീതുകളോ അതിന്റെ പേരില്‍ നടത്തിയ പേയ്‌മെന്റുകളോ ഉള്‍പ്പെടുന്നു. പൊതുജനങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ വിശദാംശങ്ങള്‍ (ബോണ്ടുകളുടെ രൂപത്തില്‍), വിദേശ സര്‍ക്കാരുകളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടുത്ത വായ്പകളുടെ വിശദാംശങ്ങള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

മൂലധനച്ചെലവില്‍ യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍, വീട്, ആരോഗ്യ സൗകര്യങ്ങള്‍, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സര്‍ക്കാരിന്റെ ചെലവ് ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ മൊത്തം ചെലവ് അതിന്റെ മൊത്തം വരുമാനത്തേക്കാള്‍ കൂടുതലാകുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്.

ബജറ്റ് തയ്യാറാക്കുന്നത് എപ്പോള്‍?

ബജറ്റ് തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഏകദേശം 6 മാസം മുമ്പ് ആരംഭിക്കുന്നു. സാധാരണയായി സെപ്റ്റംബര്‍ മാസത്തിലാണ് അത് തുടങ്ങുന്നത്.

സെപ്റ്റംബറില്‍, മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്ക് വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള അവരുടെ ചെലവ് കണക്കാക്കാനും അതിന് ആവശ്യമായ ഫണ്ടുകളുടെ ഡാറ്റ നല്‍കാനും ആവശ്യപ്പെട്ട് സര്‍ക്കുലറുകള്‍ നല്‍കും. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പിന്നീട് ബജറ്റില്‍ ജനക്ഷേമ പദ്ധതികള്‍ക്കായി വിവിധ മന്ത്രാലയങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നത്.

ബജറ്റ് നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചതിന് ശേഷം എല്ലാ ദിവസവും ധനമന്ത്രി, ധനകാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ചെലവ് സെക്രട്ടറി എന്നിവരുടെ യോഗം ചേരുന്നുണ്ട്. ഒക്ടോബര്‍-നവംബര്‍ മുതല്‍ ധനമന്ത്രാലയം മറ്റ് മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി ഏത് മന്ത്രാലയത്തിനോ വകുപ്പിനോ എത്ര തുക നല്‍കണമെന്ന് തീരുമാനിക്കും.

ബജറ്റ് നിര്‍മ്മാണ സംഘം പ്രധാനമന്ത്രി, ധനമന്ത്രി, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്നിവരില്‍ നിന്ന് തുടര്‍ച്ചയായി വിവരങ്ങള്‍ സ്വീകരിക്കും. ബജറ്റ് ടീമില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരും അംഗങ്ങളാണ്. ബജറ്റ് തയ്യാറാക്കി അവതരിപ്പിക്കുന്നതിന് മുമ്പ് നിരവധി വ്യവസായ സംഘടനകളുമായും വ്യവസായ വിദഗ്ധരുമായും ധനമന്ത്രി ചര്‍ച്ച നടത്താറുണ്ട്.

ബജറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്തിമമാക്കിയ ശേഷം രൂപരേഖ തയ്യാറാക്കുന്നു. ബജറ്റ് സംബന്ധിച്ച് എല്ലാം തീരുമാനിച്ച ശേഷം, ബജറ്റ് രേഖ അച്ചടിക്കുന്നു. 2020 മുതല്‍ രാജ്യത്ത് കടലാസ് രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. 2020ലും 2021ലും പേപ്പര്‍ രഹിത ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്.

രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

രാഷ്ട്രപതിയുടെ പ്രസംഗത്തോടെയാണ് രാജ്യത്തിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ 2022ലെ ബജറ്റ് സമ്മേളനവും ആരംഭിച്ചു.

പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം ഇത് മന്ത്രിസഭയുടെ മുമ്പാകെ വയ്ക്കുകയും അതിനുശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കുകയും ചെയ്യും.

ബജറ്റ് ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍

ബജറ്റ് അവതരിപ്പിച്ച ശേഷം, അത് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കേണ്ടതുണ്ട്. ഇരുസഭകളും പാസാക്കിയ ശേഷം വരുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിവസം അതായത് ഏപ്രില്‍ 1 മുതല്‍ ബജറ്റ് പ്രാബല്യത്തില്‍ വരും. ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് രാജ്യത്തെ നിലവിലെ സാമ്പത്തിക വര്‍ഷ കാലയളവ്.

ഹല്‍വ വിതരണം

എല്ലാ വര്‍ഷവും ഹല്‍വ ചടങ്ങോടെയാണ് നോര്‍ത്ത് ബ്ലോക്കില്‍ ബജറ്റ് പ്രിന്റിംഗ് ആരംഭിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിലെ വലിയ കടായിയിലാണ് ഹല്‍വ ഉണ്ടാക്കുന്നത്. ധനമന്ത്രിയും ധനമന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരും ഈ പരിപാടിയില്‍ പങ്കെടുക്കുകയും അവിടെയുള്ള ആളുകള്‍ക്ക് ഹല്‍വ വിതരണം ചെയ്യുകയും ചെയ്യും. എന്നാല്‍, ഇത്തവണ കൊവിഡ് ബാധയെ തുടര്‍ന്ന് ഹല്‍വ ചടങ്ങ് നടന്നില്ല. പകരം ബജറ്റ് ടീമില്‍ പങ്കെടുത്തവര്‍ക്ക് മധുരം നല്‍കി.

ബജറ്റ് അതീവരഹസ്യം

ധനമന്ത്രാലയത്തിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് ബജറ്റ് രേഖ തയ്യാറാക്കുന്നത്. ബജറ്റ് ഡോക്യുമെന്റ് ചോരാതിരിക്കാന്‍, അതില്‍ ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളും മറ്റ് നെറ്റ്വര്‍ക്കുകളില്‍ നിന്ന് വേര്‍പെടുത്തിയിരിക്കുന്നു. ബജറ്റില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും രണ്ടോ മൂന്നോ ആഴ്ച നോര്‍ത്ത് ബ്ലോക്ക് ഓഫീസുകളില്‍ തങ്ങണം. ഈ സമയത്ത് അവര്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല.

എന്താണ് സാമ്പത്തിക സര്‍വേ?

രാജ്യത്തിന്റെ പൊതു ബജറ്റിന് ഒരു ദിവസം മുമ്പാണ് സാമ്പത്തിക സര്‍വേ സഭയില്‍ അവതരിപ്പിക്കുന്നത്. 2022-ലെ ബജറ്റിന്റെ സാമ്പത്തിക സര്‍വേ 2022 ജനുവരി 31-ന് അവതരിപ്പിച്ചു.

സാമ്പത്തിക സര്‍വേ അടുത്ത സാമ്പത്തിക വര്‍ഷത്തെ ജിഡിപി കണക്കാക്കുന്നു. സാമ്പത്തിക സര്‍വേ എന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വാര്‍ഷിക റിപ്പോര്‍ട്ട് കാര്‍ഡാണ്, അത് ഓരോ മേഖലയുടെയും പ്രകടനം പരിശോധിച്ച് ഭാവി നടപടി നിര്‍ദേശിക്കുന്നു.

1950-51 ലാണ് ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സര്‍വേ അവതരിപ്പിച്ചത്. 1964 വരെ പൊതുബജറ്റിനൊപ്പം അവതരിപ്പിച്ചിരുന്നെങ്കിലും 1965 മുതല്‍ ബജറ്റില്‍ നിന്ന് വേര്‍പെടുത്തി.

 

Latest