Uae
ഇത്തിഹാദ് റെയിൽ സർവീസ് മലയാളി പ്രവാസികൾക്ക് ലാഭമാകും
കുറഞ്ഞ നിരക്കിൽ അബൂദബിയിൽ വിമാനമിറങ്ങി ഫുജൈറയിലെത്താം
ഫുജൈറ|യു എ ഇ യുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ മലയാളികൾക്ക് അത് വലിയ രീതിയിൽ പ്രയോജനം ചെയ്യും. നിലവിൽ അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാൻ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുക്കുന്ന സ്ഥാനത്ത് പുതിയ ട്രെയിൻ വരുന്നതോടെ യാത്രാസമയത്തിലും ചെലവിലും വലിയ ലാഭമാണ് പ്രവാസികൾക്ക് ഉണ്ടാകാൻ പോകുന്നത്.
കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് ഈ സർവീസ് വലിയ അനുഗ്രഹമാകുമെന്നാണ് വിലയിരുത്തൽ. ദുബൈ, ഷാർജ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്ന് ഏറ്റവുമധികം വിമാന സർവീസുകളുള്ളത് അബൂദബിയിലേക്കാണ്. പലപ്പോഴും വിമാന ടിക്കറ്റ് നിരക്ക് കുറവുള്ളതും അബൂദബി റൂട്ടിലാണ്. പുതിയ റെയിൽ ശൃംഖല വരുന്നതോടെ കുറഞ്ഞ നിരക്കിൽ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് കിഴക്കൻ മേഖലയിലുള്ള തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. പുതിയ ട്രെയിൻ സർവീസ് നിലവിൽ വരുന്നതോടെ ദുബൈയിൽ നിന്ന് അബൂദബിയിലേക്കുള്ള യാത്രാസമയം വെറും 57 മിനിറ്റായും അബൂദബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രാസമയം 105 മിനിറ്റായും ചുരുങ്ങും.
അതോടൊപ്പം യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ താമസിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വാരാന്ത്യ അവധി ദിനങ്ങൾ കൂടുതൽ ആനന്ദകരമാക്കാം. ദീർഘദൂര ഡ്രൈവിംഗിന്റെ ക്ഷീണമില്ലാതെ തന്നെ ഫുജൈറയിലെ മനോഹരമായ ബീച്ചുകളിലേക്കും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കുടുംബത്തോടൊപ്പം കുറഞ്ഞ ചെലവിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ ഇത്തിഹാദ് റെയിൽ വഴി സാധിക്കും.
Content Highlights:
The upcoming Etihad Rail passenger service will significantly benefit Malayali expatriates by slashing travel time between Abu Dhabi and Fujairah to 105 minutes. Expats landing at Abu Dhabi airport can easily reach eastern regions at lower costs. It will also boost weekend tourism across Emirates.





