From the print
ഇ കെ വിഭാഗം: പക്ഷം പിടിക്കാനില്ലെന്ന് ജമാഅത്തെ ഇസ്ലാമി
വിഭാഗീയതയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനയുമായി ജമാഅത്തെ ഇസ്ലാമി അമീര്‍.
കോഴിക്കോട് | ഇ കെ വിഭാഗത്തിലെ പ്രശ്‌നങ്ങളില്‍ പക്ഷം പിടിച്ച് രംഗത്തെത്തിയെന്ന വിമര്‍ശം ശക്തമായതോടെ വിഷയത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ജമാഅത്തെ ഇസ്ലാമി. ഇ കെ വിഭാഗം സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെയടക്കം വിമര്‍ശിച്ച് ജമാഅത്ത് മുഖപത്രമായ പ്രബോധനത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വിഭാഗീയതയില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനയുമായി അമീര്‍ പി മുജീബുര്‍റഹ്മാന്‍ രംഗത്തെത്തിയത്.
ജിഫ്രി മുത്തുക്കോയ തങ്ങളുടെ കാലത്താണ് സമസ്തയില്‍ സി പി എം ഫ്രാക്ഷന്‍ രൂപപ്പെട്ടതെന്നും ഇ കെ അബൂബക്കര്‍ മുസ്ലിയാരുടെ ശിഷ്യനായ അദ്ദേഹം നയം മാറ്റത്തിന്റെ അപകടം മനസ്സിലാക്കണമെന്നും പ്രബോധനം ഉപദേശിച്ചിരുന്നു.
ഇതോടെ, ജമാഅത്തിനെതിരെ കടുത്ത വിമര്‍ശവുമായി ഇ കെ വിഭാഗം രംഗത്തെത്തി. സമസ്തയെ (ഇ കെ വിഭാഗം) പൊളിക്കാനും മുതലെടുപ്പ് നടത്താനുമാണ് ജമാഅത്ത് ശ്രമിക്കുന്നതെന്നും വിഭാഗീയതക്ക് തുടക്കം കുറിച്ച സി ഐ സിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലും ജമാഅത്തിന്റെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. എന്നാല്‍, പ്രബോധനം വാരികയിലെ ലേഖനത്തെ മുഖവിലക്കെടുക്കേണ്ടെന്ന രീതിയിലായിരുന്നു അമീറിന്റെ വാര്‍ത്താ സമ്മേളനത്തിലെ പ്രതികരണം.



