International
ഇക്വഡോറിലും പെറുവിലും ഭൂചലനം; 14 പേര്‍ മരിച്ചു, 126 പേര്‍ക്ക് പരുക്ക്
റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി. 126 പേര്‍ക്ക് പരുക്കേറ്റു. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

ക്വിറ്റോ | ഇക്വഡോറിലും പെറുവിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചു. ഇക്വഡോറില്‍ 13ഉം പെറുവില്‍ ഒരാളുമാണ് മരിച്ചത്. 126 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ ഭൂചലനത്തില്‍ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പരിഭ്രാന്തരായ ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയോടി.
റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറില്‍ ഉണ്ടായത്. രാജ്യത്തെ രണ്ടാമത്തെ വന്‍ നഗരമായ ഗ്വയാക്വിലിന് 80 കിലോമീറ്റര്‍ വടക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 30 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന നഗരമാണിത്.
പെറുവില്‍ വടക്ക് ഭാഗത്തായി ഇക്വഡോറുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ഭൂചലനമുണ്ടായത്. ടംപസ് പ്രദേശത്ത് വീട് തകര്‍ന്ന് നാലു വയസുകാരി മരണപ്പെട്ടതായി പെറു പ്രധാന മന്ത്രി ആല്‍ബര്‍ട്ടോ ഒട്ടറോള വെളിപ്പെടുത്തി.
ആദ്യ ഭൂചലനത്തിനു ശേഷം അടുത്ത മണിക്കൂറുകളില്‍ ദുര്‍ബലമായ രണ്ട് ചലനങ്ങള്‍ കൂടി ഉണ്ടായതായി ഇക്വഡോര്‍ ജിയോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.