Connect with us

ആരോഗ്യം

ഡിസ്മനോറിയ (Dysmenorrhea); ആര്‍ത്തവ വേദനയെ മനസ്സിലാക്കാം

ആര്‍ത്തവ വേദന ഒരു രോഗമല്ല; അത് ഒരു സ്വാഭാവിക ശാരീരിക അവസ്ഥയാണ്. ശരിയായ അറിവ്, ആരോഗ്യകരമായ ജീവിതശൈലി, ആവശ്യമായ വൈദ്യസഹായം എന്നിവയിലൂടെ ഈ അസ്വസ്ഥതകള്‍ ഫലപ്രദമായി നിയന്ത്രിക്കാനാകും. ശരീരത്തിന്റെ സന്ദേശങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് പരിചരണം നല്‍കുകയാണ് ഏറ്റവും പ്രധാനം.

Published

|

Last Updated

സ്ത്രീകളുടെ ജീവിതത്തിലെ സ്വാഭാവികവും പ്രധാനപ്പെട്ടതുമായ ഒരു ജൈവിക പ്രക്രിയയാണ് ആര്‍ത്തവം. പലര്‍ക്കും ഇത് ചെറിയ അസ്വസ്ഥതകളോടെ കടന്നുപോകുമ്പോള്‍, ചിലർക്ക് അതികഠിനമായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. ഇത്തരത്തിലുള്ള ആര്‍ത്തവസമയ വേദനയെയാണ് വൈദ്യശാസ്ത്രത്തില്‍ ഡിസ്മനോറിയ (Dysmenorrhea) എന്ന് വിളിക്കുന്നത്.

ആര്‍ത്തവ വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്?

ആര്‍ത്തവ സമയത്ത് ഗര്‍ഭാശയം ഉള്ളിലെ രക്തസ്രാവം പുറത്തേക്കൊഴുക്കാന്‍ ചുരുങ്ങുന്നത് സ്വാഭാവികമാണ്. ഈ ചുരുങ്ങല്‍ പ്രക്രിയ നിയന്ത്രിക്കുന്നത് പ്രോസ്റ്റാഗ്ലാന്‍ഡിന്‍ (Prostaglandin) എന്ന രാസവസ്തുവാണ്. ചില സ്ത്രീകളില്‍ ഈ രാസവസ്തു കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ ഗര്‍ഭാശയ ചുരുങ്ങലുകള്‍ ശക്തമാകുകയും അതുമൂലം വേദനയും അസ്വസ്ഥതകളും വര്‍ധിക്കുകയുമാണ്. ചിലപ്പോള്‍ ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളും വേദനക്ക് കാരണമാകാം.

ഡിസ്മനോറിയയുടെ പ്രധാന രണ്ട് തരങ്ങള്‍

1. പ്രൈമറി ഡിസ്മനോറിയ (Primary Dysmenorrhea)

യാതൊരു വ്യക്തമായ രോഗാവസ്ഥയും ഇല്ലാതെ ഉണ്ടാകുന്ന സ്വാഭാവിക ആര്‍ത്തവ വേദനയാണ് ഇത്. സാധാരണയായി ആദ്യ ആര്‍ത്തവ വര്‍ഷങ്ങളില്‍ തന്നെ കാണപ്പെടുന്നു. പ്രായം കൂടും തോറും അല്ലെങ്കില്‍ പ്രസവത്തിനു ശേഷം ഈ വേദനയുടെ തീവ്രത കുറയാറുണ്ട്.

2. സെക്കന്‍ഡറി ഡിസ്മനോറിയ (Secondary Dysmenorrhea)

ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ആര്‍ത്തവ വേദനയാണ് സെക്കന്‍ഡറി ഡിസ്മനോറിയ. എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ്, പെല്‍വിക് ഇൻഫ്ലമേറ്ററി ഡിസീസ് (PID) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. അടിവയറ്റിലും നടുവിലും പുറകിലുമെല്ലാം അനുഭവപ്പെടുന്ന വേദന, ഛർദി, മനംപിരട്ടല്‍, വയറിളക്കം, തലവേദന, അമിത ക്ഷീണം, മാനസിക അസ്വസ്ഥതകള്‍ (mood swings) എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ചിലർക്ക് സ്തനത്തിലും വേദന അനുഭവപ്പെടാറുണ്ട്.

വേദന കുറയ്ക്കാനായി ചില പൊടിക്കൈകള്‍ പ്രയോഗിക്കാവുന്നതാണ്. അടിവയറ്റിലോ പിന്നിലോ ചൂടുപിടിക്കലാണ് നല്ലൊരു മാര്‍ഗം. ഫോമെന്റേഷന്‍ ബാഗ് അല്ലെങ്കില്‍ ചൂടുവെള്ളം നിറച്ച കുപ്പി ഉപയോഗിച്ച് ചൂടുപിടിപ്പിക്കാവുന്നതാണ്. സമാനമായി ലഘുവായ വ്യായാമങ്ങളും യോഗാസനങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിയന്ത്രിക്കാനും വേദന കുറയ്ക്കാനും സഹായകമാണ്. സമീകൃത ആഹാര ശീലം പാലിക്കല്‍, പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക പോലുള്ള ഭക്ഷണ ക്രമീകരണം വഴിയും വേദന കുറക്കാന്‍ കഴിയും. മദ്യം, കഫീന്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്. അതോടൊപ്പം, ധാരാളമായി വെള്ളം കുടിക്കല്‍ അനിവാര്യമാണ്. അതുവഴി ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മതിയായ വിശ്രമവും ഉറക്കവും പിരീഡ്‌സ് കാലത്ത് നിര്‍ബന്ധമാണ്.

വേദനസംഹാരികള്‍ പോലുള്ള സ്വയം ചികിത്സകള്‍ അപകടകരമാണ്. വേദന അസഹനീയമായാല്‍ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകള്‍ ഉപയോഗിക്കുക. സ്വാഭാവികതക്കപ്പുറം ആര്‍ത്തവ വേദന അതിരൂക്ഷമായി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കണം.
ആര്‍ത്തവ വേദന ഒരു രോഗമല്ല; അത് ഒരു സ്വാഭാവിക ശാരീരിക അവസ്ഥയാണ്. ശരിയായ അറിവ്, ആരോഗ്യകരമായ ജീവിതശൈലി, ആവശ്യമായ വൈദ്യസഹായം എന്നിവയിലൂടെ ഈ അസ്വസ്ഥതകള്‍ ഫലപ്രദമായി നിയന്ത്രിക്കാനാകും. ശരീരത്തിന്റെ സന്ദേശങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് പരിചരണം നല്‍കുകയാണ് ഏറ്റവും പ്രധാനം.

 

 

വുമണ്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ കണ്‍സള്‍ട്ടന്റ്, മര്‍കസ് യുനാനി ഹോസ്പിറ്റല്‍, കാരന്തൂര്‍

Latest