Connect with us

Uae

ദുബൈ റീഫ്; ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് വികസന പദ്ധതി

2027-ഓടെ 20,000 മൊഡ്യൂളുകള്‍ നിര്‍മിക്കും.

Published

|

Last Updated

ദുബൈ | ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് വികസന പദ്ധതികളില്‍ ഒന്നായ ദുബൈ റീഫ്, ദുബൈയിലെ ജലാശയങ്ങളിലെ സമുദ്ര ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ ഗണ്യമായ പുരോഗതി പ്രകടമാക്കുന്നു. പദ്ധതിയുടെ പ്രൂഫ്-ഓഫ്-കണ്‍സെപ്റ്റ് സൈറ്റില്‍ നിന്നുള്ള പുതിയ അണ്ടര്‍വാട്ടര്‍ ദൃശ്യങ്ങള്‍, പവിഴപ്പുറ്റ് മൊഡ്യൂളുകള്‍ക്ക് ചുറ്റും വളരുന്ന സമൃദ്ധമായ മത്സ്യസമ്പത്തും ആവാസ വ്യവസ്ഥകളും ഉള്ള സമുദ്ര പരിസ്ഥിതിയെ പ്രദര്‍ശിപ്പിക്കുന്നതാണ്.

സ്നാപ്പറുകള്‍, ഗ്രൂപ്പറുകള്‍, ബരാക്കുഡ എന്നിവയുള്‍പ്പെടെ 15 തദ്ദേശീയ ഇനങ്ങളിലെ മത്സ്യങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായി സൈറ്റ് സര്‍വേകള്‍ സൂചിപ്പിക്കുന്നു. സമുദ്ര ജൈവവൈവിധ്യത്തില്‍ 10 ശതമാനവും മത്സ്യ ജൈവവൈവിധ്യത്തില്‍ എട്ട് മടങ്ങും വര്‍ധനയുണ്ടാകാമെന്നുമാണ് ഈ ആദ്യ ഡാറ്റ സൂചിപ്പിക്കുന്നത്.

ദുബൈ റീഫിന്റെ ആദ്യ സ്തംഭമായ മറൈന്‍ ഹാബിറ്റാറ്റ് റെസ്റ്റോറേഷനില്‍, 2027 ആകുമ്പോഴേക്കും ഇമാറാത്തിലെ 600 ചതുരശ്ര കിലോമീറ്റര്‍ ജലാശയങ്ങളിലായി 20,000 മൊഡ്യൂളുകള്‍ നിര്‍മിക്കുകയും വിന്യസിക്കുകയും ചെയ്യും. 2024-ല്‍ ആരംഭിച്ചതിനു ശേഷം, മൊത്തം റീഫ് മൊഡ്യൂളുകളുടെ 39 ശതമാനം നിര്‍മിക്കപ്പെട്ടു. 3,660 മൊഡ്യൂളുകള്‍ ഇതിനകം വിന്യസിച്ചിട്ടുണ്ട്.

ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ദുബൈ റീഫ് എന്ന സുസ്ഥിരതാ സംരംഭം ആരംഭിച്ചത്. ദുബൈ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്‍ഡ് ടൂറിസം, ദുബൈ എന്‍വയോണ്‍മെന്റ്ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി, ഡി പി വേള്‍ഡ്, ദുബൈ ചേംബേഴ്സ്, നഖീല്‍, തുറമുഖ, കസ്റ്റംസ്, ഫ്രീ സോണ്‍ കോര്‍പറേഷന്‍, എമിറേറ്റ്സ് എന്നിവയുള്‍പ്പെടെയുള്ള പൊതു, സ്വകാര്യ പങ്കാളികളാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

 

---- facebook comment plugin here -----

Latest