Connect with us

Kerala

ഡോക്ടറെ ആക്രമിച്ച സംഭവം: മാര്‍ച്ച് 17-ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം

Published

|

Last Updated

തിരുവനന്തപുരം | കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്. മാര്‍ച്ച് പതിനേഴാം തീയതി സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17-ന് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുക.

അഞ്ചു ദിവസത്തില്‍ ഒന്ന് എന്ന കണക്കിലാണ് സംസ്ഥാനത്ത് നിലവില്‍ ആശുപത്രി അക്രമങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഏതാണ്ട് 200-ലേറെ ആശുപത്രി അക്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ച് പുതിയ രീതിയില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ നടന്ന കൊലപാതകശ്രമം ഞെട്ടിപ്പിക്കുന്നതാണെന്ന് നേതാക്കൾ പറഞ്ഞു.

പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ആക്രമണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രി അക്രമങ്ങള്‍ സംബന്ധിച്ച് ബഹുമാനപ്പെട്ട കോടതികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും സംസ്ഥാനത്ത് പാലിക്കപ്പെടാത്തതില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന സമൂഹം ആശങ്കയിലുമാണ്.

കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ അതീവ ഗുരുതരമായ ഉത്കണ്ഠയും ആകാംക്ഷയും ഉള്‍ക്കൊണ്ടുകൊണ്ട്, നിര്‍ഭയം ആത്മവിശ്വാസത്തോടെ ചികിത്സ നടത്തുവാനുള്ള അന്തരീക്ഷം ഉണ്ടാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് 17-ലെ സമരപരിപാടികളില്‍ കേരളത്തിന്റെ പൊതുസമൂഹം സഹകരി ക്കുകയും ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ തയ്യാറാവുകയും ചെയ്യണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.