Connect with us

cruelty against animals

മൃഗങ്ങളോട് ക്രൂരത അരുത്

മൃഗപീഡനത്തിന് മൂന്ന് വര്‍ഷം തടവും കൊല ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും കൂടാതെ മൃഗത്തിന്റെ വില കണക്കാക്കി അതിന്റെ മൂന്നിരട്ടി തുക പിഴയുമാണ് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയ വകുപ്പുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ പുതിയ ബില്ലിന്റെ കരടില്‍ വ്യവസ്ഥ ചെയ്യുന്നത്.

Published

|

Last Updated

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന് നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മൃഗപീഡനത്തിന് മൂന്ന് വര്‍ഷം തടവും കൊല ചെയ്താല്‍ അഞ്ച് വര്‍ഷം വരെ തടവും കൂടാതെ മൃഗത്തിന്റെ വില കണക്കാക്കി അതിന്റെ മൂന്നിരട്ടി തുക പിഴയുമാണ് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയ വകുപ്പുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ പുതിയ ബില്ലിന്റെ കരടില്‍ വ്യവസ്ഥ ചെയ്യുന്നത്. മൃഗപീഡകരെ അറസ്റ്റ് വാറണ്ട് ഇല്ലാതെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യാം. “ഒരു മൃഗത്തിന്റെ ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി’യെന്നാണ് ക്രൂരതയെ ബില്ലില്‍ നിര്‍വചിച്ചിരിക്കുന്നത്.

ദാഹം, വിശപ്പ്, പോഷകാഹാരക്കുറവ്, പ്രതികൂല പരിസ്ഥിതി മൂലമുള്ള അസ്വാസ്ഥ്യം, വേദന, പരുക്കുകള്‍ രോഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള മോചനം, ജീവിവര്‍ഗങ്ങളുടെ സാധാരണ പെരുമാറ്റം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, ഭയത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചനം എന്നിങ്ങനെ മൃഗങ്ങള്‍ക്ക് അഞ്ച് അവകാശങ്ങളും കരട് വ്യവസ്ഥ ചെയ്യുന്നു. ഇവ വകവെച്ചു കൊടുക്കേണ്ടത് മൃഗത്തിന്റെ ചുമതലയുള്ള ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. ബില്‍ പൊതുജനാഭിപ്രായത്തിനു വിട്ട ശേഷം പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിക്കാനാണ് തീരുമാനം.

മനുഷ്യരെ പോലെ ജീവനുണ്ട് മൃഗങ്ങള്‍ക്കും. മാത്രമല്ല, പല ജീവികള്‍ക്കും മനുഷ്യരുമായി സുദൃഢ ബന്ധവുമുണ്ട്. മനുഷ്യരെ ചുറ്റിപ്പറ്റിയാണ് അവയുടെ ജീവിതവും. മനുഷ്യരുടെ അവകാശങ്ങള്‍ പോലെ പ്രധാനമാണ് ജന്തുക്കളുടെ അവകാശങ്ങളും. നമ്മെപോലെ സംസാരിക്കാന്‍ കഴിയില്ലെങ്കിലും വേദന, പട്ടിണി, രോഗം മുതലായവ അനുഭവിക്കുന്നുണ്ട് എല്ലാ ജീവജാലങ്ങളും. ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ പലപ്പോഴും അത് മറക്കുകയും മൃഗങ്ങളോട് ക്രൂരമായി പെരുമാറുകയും ചെയ്യുന്നു. ഈയിടെ, കാര്യാട്ടുകരയിലെ പ്രശാന്തി നഗറില്‍ വാടകക്ക് കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശി നായയെ ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിടുകയും വിശപ്പും ദാഹവും കാരണം ജീവന്‍ പോകുകയും ചെയ്തു. നെടുമ്പാശ്ശേരി അത്താണിക്കു സമീപം ചാലാക്കയില്‍ ബൈക്കിനു പിന്നിലും എടക്കരയില്‍ കാറിനു പിന്നിലും വളര്‍ത്തു നായയെ കെട്ടിവലിച്ചു. നിലമ്പൂരില്‍ വനംവകുപ്പിന്റെ തേക്കുംതോട്ടത്തില്‍ മേയുകയായിരുന്ന പശുക്കിടാവിന്റെ കാലുകള്‍ ഏതോ സാമൂഹിക ദ്രോഹികള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇങ്ങനെ മൃഗങ്ങളോടുള്ള എത്രയെത്ര ക്രൂരതകളാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഇത്തരം ക്രൂരതകള്‍ തടയാനുള്ള നിയമ നിര്‍മാണം സ്വാഗതാര്‍ഹമാണ്. മനുഷ്യവര്‍ഗം തങ്ങളുടെ അവകാശ സംരക്ഷണത്തിന് നിയമങ്ങളും ചട്ടങ്ങളും നിര്‍മിക്കുന്നുണ്ട്. അതുപോലെ മിണ്ടാപ്രാണികളായ ജന്തുക്കളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതെ നോക്കേണ്ടതും മനുഷ്യ ധര്‍മമാണ്. അതേസമയം മൃഗങ്ങളുടെ ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന ചെയ്തികള്‍ മാത്രമല്ല, മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിക്കുന്നതും പീഡിപ്പിക്കുന്നതും പട്ടിണിക്കിടുന്നതും രോഗം വന്നാല്‍ ചികിത്സിക്കാതെ കഷ്ടപ്പെടുത്തുന്നതുമെല്ലാം ക്രൂരതയുടെ നിര്‍വചനത്തിന്‍ വരേണ്ടതുണ്ട്. നിലം ഉഴുതാനും ഭക്ഷ്യാവശ്യാര്‍ഥവും പാലിനും മറ്റും മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്ന പലരും അവക്ക് ഭക്ഷണം നല്‍കുന്നതിലും രോഗം വന്നാല്‍ ചികിത്സിക്കുന്നതിലും മറ്റും വേണ്ടത്ര ശ്രദ്ധിക്കാറില്ല. മൃഗങ്ങളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ വാഹനത്തില്‍ കുത്തിനിറക്കുകയും ആവശ്യത്തിനു ഭക്ഷണവും വെള്ളവും നല്‍കാതെ കഷ്ടപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയുമുണ്ട്. ഇതെല്ലാം തടയപ്പെടേണ്ടതാണ്.

വിനോദത്തിന്റെ പേരില്‍ മൃഗങ്ങളെ പോരിന് ഇറക്കിയുള്ള ക്രൂരത വ്യാപകമാണ്. ഏറെ വിവാദമായതാണ് തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട്. കാളപ്പോര്, നായപ്പോര്, കോഴിയങ്കം, കുറുക്കന്‍ വേട്ട തുടങ്ങി മൃഗങ്ങളെ ഉപയോഗപ്പെടുത്തിയുള്ള പല ക്രൂരവിനോദങ്ങളും നടപ്പുണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍. രണ്ട് നായ്ക്കളെ അന്യോന്യം കടിപിടി കൂടാന്‍ വിടുന്നതാണ് നായപ്പോര്. അവ പരസ്പരം കണ്ണുകള്‍ മാന്തിപ്പറിക്കുകയും ചെവികള്‍ കടിച്ചു പറിക്കുകയും ദേഹത്ത് മുറിവുകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ആഴത്തിലുള്ള മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുമ്പോള്‍ കാണികള്‍ അതുകണ്ട് രസിക്കുന്നു. രണ്ട് പൂവന്‍ കോഴികളെ കാലില്‍ ബ്ലേഡ് പോലുള്ള മൂര്‍ച്ചയേറിയ ആയുധം കെട്ടി പരസ്പരം പൊരുതുന്ന ക്രൂരവിനോദമുണ്ട് പലയിടത്തും. കാലില്‍ കെട്ടിവെച്ച മൂര്‍ച്ചയേറിയ ബ്ലേഡ് കൊണ്ട് അവ പരസ്പരം ആക്രമിക്കുകയും രക്തം വാര്‍ന്നൊഴുകുകയും ചെയ്യുമ്പോള്‍ കാണികള്‍ ആര്‍പ്പുവിളിക്കുന്നു. കൂട്ടത്തില്‍ ഒരു കോഴി രക്തം വാര്‍ന്ന് ചത്തുവീഴുന്നതോടെയാണ് മത്സരം അവസാനിക്കുന്നത്. ഇത്തരം ക്രൂരവിനോദങ്ങളും കര്‍ശനമായി നിരോധിക്കേണ്ടതാണ്.

പല രാജ്യങ്ങളും മൃഗപീഡനവും മൃഗങ്ങളെ വെച്ചുള്ള ക്രൂരവിനോദങ്ങളും വിലക്കി നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ബഹ്‌റൈന്‍ മൃഗസംരക്ഷണ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തുകയുണ്ടായി. ഇതനുസരിച്ച് മൃഗങ്ങളെ കശാപ്പ് ചെയ്യുമ്പോഴും വാഹനത്തില്‍ കടത്തുമ്പോഴുമെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഭക്ഷ്യാവശ്യത്തിനു മൃഗങ്ങളെ കശാപ്പ് ചെയ്യാമെങ്കിലും തലക്കടിച്ചും ഷോക്കടിപ്പിച്ചും കൊല്ലാന്‍ പാടില്ല. മൃഗങ്ങളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കടത്തുമ്പോള്‍ വിവിധയിനം മൃഗങ്ങളെ ഒന്നിച്ച് ഒരു വാഹനത്തില്‍ കൊണ്ടുപോകരുത്. ആവശ്യമായ വെള്ളവും ഭക്ഷണവും ഉറപ്പാക്കണം. രോഗബാധയുള്ള മൃഗങ്ങളെ കൈയൊഴിയരുതെന്നും ചികിത്സ ലഭ്യമാക്കണമെന്നും നിയമം അനുശാസിക്കുന്നു. കേവല നിയമ നിര്‍മാണങ്ങള്‍ക്കപ്പുറം ഇതര ജീവജാലങ്ങളോട് കരുണയും ദയയും കാണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണവും കൂടി ആവശ്യമാണ്. തങ്ങളെ പോലെ തന്നെ ജീവിക്കാനും നിലനില്‍ക്കാനുമുള്ള അവകാശം മൃഗങ്ങള്‍ക്കുമുണ്ടെന്ന ബോധം മനുഷ്യമനസ്സില്‍ വളര്‍ന്നു വരണം.

Latest