National
ധർമസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ അടക്കം ചെയ്തുവെന്ന് വെളിപ്പെടുത്തൽ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ
ജൂലൈ 11ന് ഒരു മുൻ ക്ഷേത്ര ജീവനക്കാരൻ പോലീസിൽ പരാതി നൽകിയതോടെയാണ് ഈ ആരോപണങ്ങൾ പുറത്തുവന്നത്.

ബംഗളൂരു | ദക്ഷിണ കന്നഡയിലെ ധർമസ്ഥലയിൽ, നിരവധി സ്ത്രീകളെയും കുട്ടികളെയും കൊന്ന് കുഴിച്ചുമൂടിയെന്ന മുൻ ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ആഭ്യന്തര സുരക്ഷാ വിഭാഗം) പ്രണബ് മൊഹന്തി അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്മെന്റ്) എം.എൻ. അനുചേത്, ഐ.പി.എസ്. ഓഫീസർമാരായ സൗമ്യലത എസ്.കെ., ജിതേന്ദ്ര കുമാർ ദയാമ എന്നിവരും സംഘത്തിൽ അംഗങ്ങളാണ്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സംസ്ഥാന വനിതാ കമ്മീഷൻ നൽകിയ ഹർജിയെ തുടർന്നാണ് സർക്കാർ നടപടി.
ജൂലൈ 11ന് ഒരു മുൻ ക്ഷേത്ര ജീവനക്കാരൻ പോലീസിൽ പരാതി നൽകിയതോടെയാണ് ഈ ആരോപണങ്ങൾ പുറത്തുവന്നത്. ധർമ്മസ്ഥലയിലെ തീർത്ഥാടന നഗരത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ നിർബന്ധിച്ച് തന്നെക്കൊണ്ട് അടക്കം ചെയ്യിപ്പിച്ചുവെന്നാണ് ഇയാൾ പരാതി നൽകിയത്. താൻ കുഴിച്ചെടുത്തതെന്ന് അവകാശപ്പെട്ട് എല്ലുകളുമായാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇതേ തുടർന്ന് ബൽത്തങ്ങാടി കോടതി സ്ഥലത്ത് കുഴിയെടുത്ത് പരിശോധന നടത്താൻ ഉത്തരവിട്ടുവെങ്കിലും ഇതുവരെ പരിശോധന തുടങ്ങിയിട്ടില്ല.
ക്ഷേത്രത്തിൽ 1995–-2014 കാലത്ത് ജോലിചെയ്‌തയാളുടേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്‌ത്രീകളുടെ മൃതദേഹങ്ങളിൽ പലതിലും വസ്‌ത്രമോ അടിവസ്‌ത്രമോ ഇല്ലായിരുന്നുവെന്നും ചിലതിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. സ്വന്തം കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ ഇയാൾ ധർമസ്ഥലയിൽനിന്ന് ഒളിച്ചോടുകയും അയൽസംസ്ഥാനങ്ങളിൽ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞശേഷം തിരിച്ചെത്തുകയുമായിരുന്നു. തുടർന്നാണ് പരാതി നൽകിയത്.
ഇയാൾ പരാതി നൽകിയതിന് പിന്നാലെ, മറ്റൊരു സ്ത്രീ മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചുി. തന്റെ മകളെ ഇരുപത് വർഷം മുമ്പ് കാണാതായെന്നാണ് സ്ത്രീയുടെ പരാതി.