Connect with us

Kerala

വൃത്തികെട്ട രാഷ്ട്രീയം, പ്രതിപക്ഷ നേതാവായിരിക്കാന്‍ അയോഗ്യന്‍; വി ഡി സതീശനെ കടന്നാക്രമിച്ച് ഇ പി ജയരാജന്‍

'സ്വപ്‌ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്തയുണ്ടാക്കിയതിനും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയതിനും പിന്നില്‍ സതീശനാണ്.'

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണ്. ഇതിനു പിന്നില്‍ സതീശനാണ്. ഇതിനെതിരെ ഭാര്യ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവായി ഇരിക്കാന്‍ അയോഗ്യനാണ് സതീശന്‍. സ്വപ്‌ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്തയുണ്ടാക്കിയതിനും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയതിനും പിന്നില്‍ സതീശനാണ്. എല്ലാവരെയും ആക്ഷേപിച്ച് വെള്ള കുപ്പായമിട്ട് നടക്കുകയാണ്.

വാങ്ങാന്‍ ആളു വന്നാല്‍ വൈദേകം റിസോര്‍ട്ടില്‍ ഭാര്യക്കുള്ള ഓഹരി വില്‍ക്കും. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല.അതിനാലാണ് ഓഹരി വില്‍ക്കുന്നത്.

രാജീവ് ചന്ദ്രശേഖറിനെ ഇതുവരെ കണ്ടിട്ടില്ലെന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നും ഇ പി ആവര്‍ത്തിച്ചു പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ വക്കാലത്ത് എടുക്കേണ്ട കാര്യം തനിക്കില്ല. വൈദേകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ താനാളല്ലെന്നും ജയരാജന്‍ പ്രതികരിച്ചു.

കേരളം കഞ്ഞി കുടിച്ചു പോകുന്നത് മോദി സര്‍ക്കാര്‍ ഉള്ളതുകൊണ്ടാണെന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവനയെയും ഇ പി വിമര്‍ശിച്ചു. മൂന്നര കോടി മലയാളികളെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്ന് അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാട്; ലീഗ് ഇത് മനസ്സിലാക്കണം’
മുസ്‌ലിം ലീഗിനെ ലാക്കാക്കിയുള്ള പരാമര്‍ശങ്ങളും ഇ പി നടത്തി. നിയമസഭയില്‍ 15 സീറ്റുള്ള ലീഗിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയത് രണ്ട് സീറ്റ് മാത്രമാണ്. അതേസമയം, 21 സീറ്റുള്ള കോണ്‍ഗ്രസ് 16 സീറ്റില്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാടാണ്. ലീഗുകാര്‍ ഇത് മനസ്സിലാക്കണമെന്നും ഇ പി പറഞ്ഞു.

 

Latest