editorial
ഡിജിറ്റല്‍ സ്‌ക്രീനുകള്‍ മനുഷ്യ ബന്ധങ്ങളെ ബാധിക്കരുത്
ഡിജിറ്റല്‍ സ്‌ക്രീനുകള്‍ നമ്മെ വിശാലമായൊരു ലോകത്തെത്തിക്കുമ്പോഴും, സമീപത്തുള്ളവരെയും ചുറ്റുമുള്ളവരെയും മറന്നുപോകരുത്. യഥാര്‍ഥ ബന്ധങ്ങള്‍ സ്‌ക്രീന്‍ സ്പര്‍ശത്തിലൂടെയല്ല, ഹൃദയസ്പര്‍ശത്തിലൂടെയാണ് സൃഷ്ടിക്കപ്പെടേണ്ടത്.
ലോകം വിരല്‍ത്തുമ്പിലൊതുങ്ങിയ കാലമാണിത്. ഒരു സ്പര്‍ശത്തില്‍ ലോകത്തിന്റെ ഏത് കോണിലുള്ള വ്യക്തിയുമായും നിമിഷാര്‍ധം കൊണ്ട് ബന്ധപ്പെടാനും സംവദിക്കാനും സാധിക്കും. സ്മാര്‍ട്ട് ഫോണാണ് ഈ മാറ്റത്തിന്റെ കേന്ദ്രബിന്ദു. ഒട്ടനവധി സുഖസൗകര്യങ്ങളാണ് ഈ ഉപകരണം മനുഷ്യ ജീവിതത്തില്‍ സൃഷ്ടിച്ചത്. വീഡിയോ കോളുകള്‍ വഴി വിദേശത്തുള്ള കുടുംബാംഗങ്ങളുമായി നേരിട്ടെന്ന പോലെ സംസാരിക്കാന്‍ സാധിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തൊഴില്‍, ബേങ്കിംഗ് തുടങ്ങി മിക്ക കാര്യങ്ങളും ഈ ഡിജിറ്റല്‍ ഉപകരണം വഴി സാധ്യമാണ്. ദുരിത കാലങ്ങളില്‍ സഹായഹസ്തങ്ങള്‍ ഏകോപിപ്പിക്കാനും സാമൂഹിക പ്രസ്ഥാനങ്ങളെ സജീവമാക്കാനും ശക്തമായ ഉപകരണമാണ്. ലോക്ക്ഡൗണ്‍ കാലത്ത് ആളുകളെ മാനസികമായി തളരാതെ പിടിച്ചു നിര്‍ത്തിയതില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
സാങ്കേതിക വിദ്യയുടെ ഈ കുതിച്ചുചാട്ടം പക്ഷേ മനുഷ്യബന്ധങ്ങളില്‍ കനത്ത വിള്ളലേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. വീടുകളില്‍ ഭക്ഷണ മേശക്ക് ചുറ്റും ഇരിക്കുമ്പോള്‍ ഓരോരുത്തരും തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ മുഴുകിയിരിക്കുന്ന കാഴ്ച സര്‍വസാധാരണം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സംസാരങ്ങളും സല്ലാപങ്ങളും നന്നേചുരുങ്ങി. ആ സ്ഥാനം ഇന്‍സ്റ്റഗ്രാം റീല്‍സുകളും ഫേസ്ബുക്ക് സ്‌ക്രോളിംഗും കൈയടക്കിയിരിക്കുന്നു. നേരില്‍ സംസാരിക്കുന്നതിനു പകരം “ടൈപിംഗ്’ ആണ് ബന്ധങ്ങളുടെ പുതിയ ഭാഷ. ഫോണ്‍ സ്‌നംബ്ബിഗ് (ഒരു വ്യക്തിയോട് നേരിട്ട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരെ അവഗണിച്ച് സ്മാര്‍ട്ട് ഫോണുകളില്‍ മുഴുകുന്ന ശീലം) എന്ന പദം തന്നെ നിലവില്‍ വന്നിരിക്കുന്നു. സ്മാര്‍ട്ട് ഫോണിന് കൂടെയിരിക്കുന്ന വ്യക്തിയേക്കാള്‍ പ്രാധാന്യം നല്‍കുമ്പോള്‍, നിശബ്ദമായ ഒരു തിരസ്‌കാരമാണ് അവിടെ നടക്കുന്നത്. ശാരീരികമായ സാമീപ്യമുണ്ടെങ്കില്‍ പോലും മാനസികമായ അകലം വര്‍ധിക്കുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ 70 ശതമാനവും സ്വീകരണ മുറിയില്‍ 72 ശതമാനവും കുടുംബത്തോടൊപ്പമിരിക്കുമ്പോള്‍ 75 ശതമാനവും പേര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങി എട്ട് പ്രമുഖ നഗരങ്ങളില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തുകയുണ്ടായി. സൈബര്‍ മീഡിയ റിസര്‍ച്ചുമായി (സി എം ആര്‍) സഹകരിച്ച് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ വിവോ ആണ് സര്‍വേ നടത്തിയത്.
ദാമ്പത്യ ബന്ധങ്ങളില്‍ പോലും ഇതിന്റെ പ്രതിഫലനം കാണാം. ഒരേ ബെഡില്‍ ഇരുന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ രണ്ട് ലോകത്ത് ജീവിക്കുന്ന അവസ്ഥ അപൂര്‍വമല്ല. സംശയങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വഴിവെക്കുന്ന സന്ദേശങ്ങളും സ്വകാര്യത ലംഘിക്കുന്ന ഇടപെടലുകളും ബന്ധങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു. അതേസമയം ദൂരസ്ഥലങ്ങളിലായി അകന്നു കഴിയുന്ന ദമ്പതികള്‍ക്ക് ബന്ധം നിലനിര്‍ത്താനും സുദൃഢമാക്കാനും സ്മാര്‍ട്ട് ഫോണുകള്‍ സാഹയിക്കുന്നതും വിസ്മരിക്കാവുന്നതല്ല.
സാങ്കേതികവിദ്യ സ്വകാര്യതകളിലേക്കു മാത്രമല്ല, ചിന്തകളിലേക്കും കടന്നു കയറിയിട്ടുണ്ട്. നമ്മുടെ ബന്ധങ്ങളിലെ ചെറിയ പിണക്കങ്ങള്‍ പോലും സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റാറ്റസുകളായി പുറംലോകത്തെത്തുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനു പകരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പരസ്പരം കുറ്റപ്പെടുത്തി പ്രശ്‌നം വഷളാക്കുകയാണ് ചിലരെങ്കിലും. ഏറ്റവും കൂടുതല്‍ ഇത് ബാധിക്കുന്നത് കുട്ടികളെയാണ്. കളിക്കളത്തില്‍ ഓടിക്കളിക്കേണ്ട പ്രായത്തില്‍ അവര്‍ ടാബ്ലറ്റുകളിലും ഫോണുകളിലും ഒതുങ്ങിക്കൂടുകയാണ്. ഇതവരുടെ സാമൂഹിക നൈപുണികളെ തളര്‍ത്തുന്നു. ശാഠ്യം പിടിക്കുന്ന കുട്ടികളെ അടക്കി നിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സഹായകമാണെങ്കിലും ഭാവിയില്‍ കുട്ടികളുടെ സ്വഭാവരൂപവത്കരണത്തെ ഇത് ദോഷകരമായി ബാധിക്കുന്നു.
ആശയവിനിമയങ്ങളിലെ കുറവ് മൂലം മാനുഷിക ബന്ധങ്ങളിലെ അകല്‍ച്ച മാത്രമല്ല, മാനസികാഘാതങ്ങള്‍ കൂടി സൃഷ്ടിക്കുന്നുണ്ട് ഡിജിറ്റല്‍ ഫോണ്‍ അടിമത്തം. സാമൂഹിക മാധ്യമങ്ങളില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളും ലൈക്കുകളും നോക്കി സ്വന്തം ജീവിതത്തെ വിലയിരുത്തുന്ന രീതി പലരിലും മാനസിക അപകര്‍ഷത സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പങ്കാളികള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും അനാവശ്യ താരതമ്യങ്ങള്‍ക്കും ഈര്‍ഷ്യതക്കും വഴിവെക്കുന്നു. സ്‌ക്രീനിലേക്ക് നോക്കി ചിരിക്കുകയും അതേസമയം ഉള്ളില്‍ വലിയ ശൂന്യത അനുഭവിക്കുകയും ചെയ്യുന്ന ജനതയെയാണ് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ പലപ്പോഴും സൃഷ്ടിക്കുന്നത്.
ഡിജിറ്റല്‍ ഉപകരണങ്ങളല്ല, അവയുടെ ഉപയോഗ രീതിയാണ് പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി. സാങ്കേതികവിദ്യ മനുഷ്യനെ സഹായിക്കാനുള്ളതാണ്. ജീവിതത്തെ എളുപ്പമാക്കാനുള്ള ഉപകരണം മാത്രം. ജീവിതത്തെ നിയന്ത്രിക്കുന്ന ഉപകരണമായി അത് മാറരുത്. വിരല്‍ത്തുമ്പിലെ ലോകത്തിലുപരി നമ്മുടെ തൊട്ടടുത്തിരിക്കുന്ന മനുഷ്യനെ കാണാനും സ്‌നേഹിക്കാനും സൗഹൃദ സംഭാഷണം നടത്താനും സാധിക്കണം. കുടുംബങ്ങളില്‍ “സ്‌ക്രീന്‍ ഫ്രീ സമയം’ നിശ്ചയിക്കേണ്ടതുണ്ട്. ഭക്ഷണ സമയങ്ങളിലും കുടുംബങ്ങളുടെ കൂടിച്ചേരല്‍ വേളകളിലും സംഭാഷണ വേളകളിലും ഫോണ്‍ മാറ്റിവെക്കണം.
കുട്ടികളോട് നിയന്ത്രിക്കാന്‍ കല്‍പ്പിച്ചതു കൊണ്ടായില്ല, മാതാപിതാക്കള്‍ മാതൃക കാണിക്കണം. തൊഴിലിടങ്ങളിലും ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ആവശ്യമാണ്. മെസ്സേജുകള്‍ അയക്കുന്നതിന് പകരം പ്രിയപ്പെട്ടവരെ നേരില്‍ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യുന്നതും ബന്ധങ്ങള്‍ ദുര്‍ബലമാകാതിരിക്കാന്‍ സഹായിക്കും. ഡിജിറ്റല്‍ സ്‌ക്രീനുകള്‍ നമ്മെ വിശാലമായൊരു ലോകത്തെത്തിക്കുമ്പോഴും, സമീപത്തുള്ളവരെയും ചുറ്റുമുള്ളവരെയും മറന്നുപോകരുത്. യഥാര്‍ഥ ബന്ധങ്ങള്‍ സ്‌ക്രീന്‍ സ്പര്‍ശത്തിലൂടെയല്ല, ഹൃദയസ്പര്‍ശത്തിലൂടെയാണ് സൃഷ്ടിക്കപ്പെടേണ്ടത്.


