Connect with us

Kerala

നിരന്തര ബോംബ് ഭീഷണി; തിരുവനന്തപുരത്ത് ഡൽഹി സ്വദേശി അറസ്റ്റില്‍

പിടികൂടിയത് മൈസൂർ പോലീസ്

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് നിരന്തരമായി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച  ഡൽഹി സ്വദേശി അറസ്റ്റില്‍. ഡൽഹി പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന നിതിന്‍ ശര്‍മയെ(39)യാണ് മൈസൂര്‍ പോലീസ് പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സൈബര്‍ പോലീസിന് കൈമാറി. ഇ മെയില്‍ വഴിയാണ് തിരുവനന്തപുരത്തെ തന്ത്രപ്രധാനമായ മേഖലകളിലെല്ലാം ഇയാള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളയച്ചത്.

തിരുവനന്തപുരം വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, രാജ് ഭവന്‍ തുടങ്ങിയ ഇടങ്ങളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചയത് ഇയാളാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ യുവാവിന് തീവ്രവാദ ബന്ധമൊന്നുമില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. നേരത്തേ വ്യാജ ബോംബ് ഭീഷണികളയച്ച് ഇയാള്‍ ജമ്മു കശ്മീര്‍ പോലീസിനെയും വട്ടംചുറ്റിച്ചിരുന്നു.

ചുരുങ്ങിയ കാലത്തിനിടയില്‍ സംസ്ഥാനത്തുണ്ടായ 40 വ്യാജ ബോംബ് ഭീഷണികളില്‍ അഞ്ചെണ്ണം നിതിന്‍ ശര്‍മ നടത്തിയതാണെന്ന് പോലീസ് കണ്ടെത്തൽ. ഇമെയില്‍ വഴിയായിരുന്നു ബോംബ് ഭീഷണി സന്ദേശങ്ങളെല്ലാം. ഇതിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് ഡോഗ് സ്‌ക്വാഡിനെയടക്കം കൊണ്ടുവന്ന് പരിശോധന നടത്തുകയും ബോംബില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം വിമാനത്താവളവും രാജ് ഭവനും മുതല്‍ പോലീസ് സ്റ്റേഷനിലടക്കം വ്യാജ സന്ദേശങ്ങള്‍ വന്നിരുന്നു. കൂടുതല്‍ ഇമെയിലുകള്‍ അയച്ചത് ഇയാളാണോ എന്നതിലും വ്യാജ സന്ദേശങ്ങള്‍ അയക്കാന്‍ സംഘങ്ങളുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്. സംഭവം അന്വേഷിക്കാന്‍ സൈബര്‍ ടീം സ്പെഷ്യല്‍ ടീമിനെ വിനിയോഗിച്ചിരുന്നു. ഇതിനിടെയാണ് പ്രതി മൈസൂര്‍ പോലീസിൻ്റെ പിടിയിലായത്.

 

Latest