Kerala
പാലക്കാട് സ്‌കൂളില്‍ പൊട്ടിയത് മാരക സ്‌ഫോടക വസ്തു; എഫ്‌ഐആര്‍
മനുഷ്യ ജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്‌ഐആര്‍.

പാലക്കാട്| പാലക്കാട് മൂത്താന്‍തറയിലെ വ്യാസ വിദ്യാപീഠം സ്‌കൂളില്‍ പൊട്ടിയത് മാരകമായ സ്‌ഫോടക വസ്തുവെന്ന് പോലീസ് എഫ്‌ഐആര്‍. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്‌ഐആര്‍. സംഭവത്തില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ട് 4.45ഓടെയാണ് സംഭവമുണ്ടായത്. സ്‌കൂളിന് പരിസരത്ത് നിന്ന് പത്ത് വയസുകാരന് പന്നിപ്പടക്കം കിട്ടിയെന്നും പന്നിപ്പടക്കം കുട്ടി എറിഞ്ഞതിന് പിന്നാലെ ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നുമാണ് ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഇക്കാര്യം തള്ളുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം എന്ത് തരത്തിലുള്ള സ്‌ഫോടക വസ്തുവാണെന്ന് വ്യക്തമായിട്ടില്ല. മനുഷ്യ ജീവന് അപകടമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ മനപ്പൂര്‍വ്വം കൊണ്ടുവെച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആര്‍എസ് എസ് നിയന്ത്രണത്തിലുള്ള സ്‌കൂളാണിത്. പത്തുവയസ്സുകാരന്‍ പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും അടുത്തുള്ള സ്ത്രീക്കും പരുക്കേറ്റു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.