Connect with us

siraj exclusive

ഉപയോഗത്തിലുള്ള ഐ ഫോണിന് വിദേശത്ത് നിന്ന് വരുന്നവര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നികുതി അടക്കേണ്ടതില്ലെന്ന് കസ്റ്റംസ്

സ്ഥിരമായി ഉപയോഗിക്കുന്ന ഫോണുകള്‍ക്ക് നികുതി ചുമത്താറില്ലെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വികാസ് സിറാജിനോട് പറഞ്ഞു

Published

|

Last Updated

അബൂദബി | ഉപയോഗിക്കുന്ന ഐ ഫോണ്‍ കൊണ്ട് വരുന്നതിന് നിയമപരമായ തടസമില്ലെന്ന് കണ്ണൂര്‍ അന്താരഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 50 ,000 രൂപക്ക് മുകളില്‍ വിലയുള്ള സാധനങ്ങള്‍ക്ക് നിയമപരമായി നികുതി അടക്കേണ്ടതുണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഫോണുകള്‍ക്ക് നികുതി ചുമത്താറില്ലെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വികാസ് സിറാജിനോട് പറഞ്ഞു.

ഇന്ത്യയില്‍ ഐ ഫോണിന് വിലക്കൂടുതല്‍ ഉള്ളതും കേരളം വലിയ മാര്‍ക്കറ്റ് ആയതും കൊണ്ട് പലരും നാലും അഞ്ചും ഫോണുകളാണ് വില്‍പ്പനക്കായി കൊണ്ട് വരുന്നത്. ഇത്തരം ഫോണുകള്‍ക്കാണ് നികുതി ചുമത്തുന്നത്. കയ്യിലുള്ള ഫോണുകള്‍ക്ക് സാധാരണ നികുതി ചുമത്താറില്ല, എന്നാല്‍ ബാഗേജില്‍ വിലപ്പനക്കായി കൊണ്ട് വരുന്ന ഫോണുകള്‍ക്ക് നികുതി ചുമത്താറുണ്ട്. പഴയ ഫോണുകളെങ്കില്‍ നികുതി ഇളവ് നല്‍കാറുമുണ്ട്- അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യത്ത് നിന്നും വരുന്ന വ്യക്തിയുടെ കയ്യില്‍ 50000 രൂപക്ക് മുകളില്‍ സാധനം ഉണ്ടെങ്കില്‍ 38.5 ശതമാനം നികുതി അടക്കണമെന്നാണ് നിയമം. പുറം ചട്ട മാറ്റിയും രൂപമാറ്റം വരുത്തിയും വില്‍പ്പനക്കായി നാട്ടിലേക്ക് ഫോണ്‍ കൊണ്ട് വരുന്നവരുണ്ട്. ഇത്തരം ഫോണുകള്‍ക്ക് നികുതി ചുമത്തുമെന്നും അദ്ദേഹം വിശദമാക്കി.

ഉപയോഗിക്കുന്ന ഫോണ്‍ കൊണ്ട് വരുന്നവര്‍ക്ക് ഒരു നികുതിയും കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ചുമത്തിയിട്ടില്ലെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഡ്യൂട്ടി ഓഫീസര്‍ രാജു അറിയിച്ചു. ഫോണിന് നികുതി ചുമത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ ആണെന്ന് വ്യക്തമാക്കിയാല്‍ നികുതി നല്‍കേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു.

യാത്രക്കാര്‍ ഉപയോഗിക്കുന്ന ഫോണിന് നികുതി ചുമത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ കെ എം ബഷീര്‍ അറിയിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest