Covid vaccination
കുവൈത്തിലെ കൊവിഡ് വാക്സിനേഷൻ സെന്ററുകളിൽ വീണ്ടും തിരക്ക്
നാലാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനും ആളുകൾ എത്തുന്നുണ്ട്.
കുവൈത്ത് സിറ്റി | കുവൈത്തിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വീണ്ടും തിരക്ക് വർധിക്കുന്നു. മിഷ്‌റഫ് എക്‌സിബിഷൻ ഗ്രൗണ്ടിലെ വാക്സിനേഷൻ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ച് നടത്തിയ പ്രചാരണ പരിപാടികളെ തുടർന്നാണു കൂടുതൽ പേർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ട് വരുന്നത്.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 85 ശതമാനത്തോളം പേർ ഇതിനകം വാക്‌സിൻ എടുത്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 34.36 ലക്ഷം പേരാണ് ഇന്നലെ വരെ ആദ്യ ഡോസ് സ്വീകരിച്ചത്. അതായത് വാക്സിനേഷൻ സ്വീകരിക്കാൻ അർഹരായവരിൽ 87.62 ശതമാനം. അതേസമയം രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയത് 33.26 ലക്ഷം പേരാണ്. 84.81 ശതമാനം. ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 13.86 ലക്ഷം ആയി ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
നാലാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനും ആളുകൾ എത്തുന്നുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും പ്രതിരോധ കുത്തിവെപ്പിന്റെ തോത് സജീവമാക്കുന്നതിനും മുൻകൂട്ടി നിശ്ചയിച്ച അപ്പോയ്ന്റ്‌മന്റ് പ്രകാരം എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
ഇബ്രാഹിം വെണ്ണിയോട്







