International
ബംഗ്ലാദേശില്‍ വേതന വര്‍ധന ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭം; നൂറുകണക്കിന് വസ്ത്രനിര്‍മാണ ശാലകള്‍ അടച്ചു
തൊഴിലാളികള്‍ക്ക് ലഭിക്കുന്ന നിയമപരമായ വേതനം പ്രതിമാസം 12,500 ടാക്ക (100 ഡോളര്‍) മാത്രമാണ്. 30,000 ടാക്കയായി ഉയര്‍ത്തണമെന്ന ആവശ്യവുമായി യൂണിയനുകള്‍.
ധാക്ക | ബംഗ്ലാദേശില്‍ തൊഴിലാളി പ്രക്ഷോഭത്തെ തുടര്‍ന്ന് നൂറുകണക്കിന് വസ്ത്രനിര്‍മാണ ശാലകള്‍ അടച്ചു. പ്രതിമാസ വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷക്കണക്കിന് തൊഴിലാളികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. ചൈനക്ക് പിറകില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമാണ് ബംഗ്ലാദേശ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ പ്രധാനമാണ് വസ്ത്രനിര്‍മാണ മേഖല. രാജ്യത്തിന്റെ ആകെ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും വരുന്നത് ഈ മേഖലയില്‍ നിന്നാണ്.
ധാക്ക, ഗാസിപ്പൂര്‍, നാരായണ്‍ഗഞ്ച്, ചട്ടോഗ്രാം, സാവര്‍ തുടങ്ങിയ പ്രധാന വ്യാവസായിക കേന്ദ്രങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3,500ഓളം ഫാക്ടറികളിലായി 40 ലക്ഷം ആളുകള്‍ വസ്ത്രനിര്‍മാണ ശാലകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവിടെയുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുന്ന നിയമപരമായ വേതനം പ്രതിമാസം 12,500 ടാക്ക (100 ഡോളര്‍) മാത്രമാണ്. വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ വേതന നിരക്കുകളില്‍ ഒന്നാണിത്. 2023ലാണ് ഈ വേതനം നിശ്ചയിച്ചത്. ജീവിതച്ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് വേതനം 30,000 ടാക്കയായി ഉയര്‍ത്തണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്.
ഒക്ടോബര്‍ പകുതിയോടെ ആരംഭിച്ച പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം മുതല്‍ പത്ത് ലക്ഷത്തോളം തൊഴിലാളികള്‍ ധാക്കയിലെയും ഗാസിപ്പൂരിലെയും പ്രധാന തെരുവുകള്‍ ഉപരോധിച്ചു. പോലീസുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായി. നൂറുകണക്കിന് ഫാക്ടറികള്‍ അടച്ചിട്ടതായി ബംഗ്ലാദേശ് ഗാര്‍മെന്റ് മാനുഫാക്ചറേഴ്സ് ആന്‍ഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് അറിയിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിശോധിക്കുന്നതിനായി യൂണിയന് പ്രതിനിധികളെയും ഫാക്ടറി ഉടമകളെയും ഉള്‍പ്പെടുത്തി ആറംഗ വേതന ബോര്‍ഡ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു.


