Kerala
ബി ജെ പി പാളയത്തിലെത്തിയ മധു മുല്ലശ്ശേരി ഏഴ് ലക്ഷം തട്ടിയെന്ന് സി പി എം
സി പി എം ലോക്കല്‍ സമ്മേളനത്തിനായി പിരിച്ച തുക തട്ടിയെന്നാണ് പരാതി
തിരുവനന്തപുരം | ബി ജെ പി പാളയത്തില്‍ ചേക്കേറിയ മുന്‍ സി പി എം നേതാവ് മധു മുല്ലശ്ശേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. സി പി എം ഏരിയാ സമ്മേളനത്തിനായി പിരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് ആരോപണം. സംഭവത്തില്‍ മംഗലപുരം ഏരിയാ കമ്മിറ്റി ആറ്റിങ്ങല്‍ ഡിവൈ എസ് പിക്ക് പരാതി നല്‍കി. എന്നാല്‍ സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല.
പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍നിന്നും ഉള്‍പ്പെടെ ഏരിയാ സമ്മേളന നടത്തിപ്പിന് പണം പിരിച്ചിരുന്നു. ഈ തുകയാണ് തട്ടിയതെന്നാണ് ആരോപണം. പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ പാര്‍ട്ടിക്ക് കൈമാറാതെ കൈയില്‍ വെക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സി പി എം ഏരിയാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ മധുവിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സി പി എം ജില്ലാ സെക്രട്ടറി വി ജോയി ഉള്‍പ്പെടെ സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യം ഉണര്‍ത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സാമ്പത്തിക തട്ടിപ്പിലും പരാതി നല്‍കിയത്.