Kerala
സി പി ഐ സ്ഥാനാർഥിനിർണയം തുടങ്ങി; തൃശൂരിൽ വി എസ് സുനിൽകുമാറിന് എതിരില്ല, വഴങ്ങാതെ പന്ന്യൻ
വയനാട്ടിൽ ആനി രാജക്ക് മുൻഗണന
തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടന്നതോടെ സംസ്ഥാനത്തും സീറ്റ് വിഭജനവും സ്ഥാനാർഥിനിർണയവും വേഗത്തിലാക്കി. നിലവിൽ നാല് സീറ്റിൽ മത്സരിക്കുന്ന സി പി ഐ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ആദ്യഘട്ട ആലോചനകൾ കഴിഞ്ഞ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ പൂർത്തിയാക്കിയിരുന്നു. ഇതുപ്രകാരം മുതിർന്ന നേതാക്കളെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് തീരുമാനം.
ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂരിൽ മുൻ കൃഷിമന്ത്രി വി എസ് സുനിൽകുമാർ മത്സരിച്ചേക്കും. കഴിഞ്ഞ മൂന്ന് തവണ തുടർച്ചയായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരത്ത് അവസാനമായി വിജയിച്ച മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ രംഗത്തിറക്കാനാണ് ശ്രമമെങ്കിലും പന്ന്യൻ വഴങ്ങിയിട്ടില്ല. പാർലിമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് മാറ്റിയിട്ടില്ലെന്നാണ് പന്ന്യൻ രവീന്ദ്രന്റെ പ്രതികരണം. പി കെ വിയുടെ വിയോഗ ശേഷം 2005ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ജയിച്ച പന്ന്യൻ പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് താത്പര്യം കാണിച്ചിരുന്നില്ല. നിലവിലെ രാഷ്ട്രീയ പ്രാധാന്യവും സാഹചര്യവും കണക്കിലെടുത്ത് മത്സരത്തിനൊരുങ്ങണമെന്നാണ് സി പി ഐ നേതൃത്വം പന്ന്യനോട് ആവശ്യപ്പെട്ടത്.
വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുകയാണെങ്കിൽ ദേശീയ നേതാവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. സി പി ഐ ദേശീയ വനിതാ നേതാവ് ആനി രാജയുടെ പേരാണ് പ്രധാനമായും പരിഗണിക്കുന്നത്. സി പി ഐ ദേശീയ കൗൺസിൽ അംഗമായ ആനിരാജ ദേശീയ തലത്തിൽ ശ്രദ്ധേയമായ നേതാവാണ്. സംവരണ മണ്ഡലമായ മാവേലിക്കരയിൽ എ ഐ വൈ എഫ് നേതാവ് സി എ അരുൺ കുമാറിന്റെ പേരും പരിഗണനയിലുണ്ട്.