Connect with us

pension

കൊവിഡ് പ്രതിസന്ധി; പെൻഷനിൽ ശ്വാസംമുട്ടി സർക്കാർ

പെൻഷൻ പ്രായം ഉയർത്തിയാൽ പ്രതിവർഷം 4,600 കോടി ലാഭം

Published

|

Last Updated

കൊച്ചി| കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിക്കിടെ വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ നൽകാൻ മാത്രം സംസ്ഥാന സർക്കാറിന് അധിക ബാധ്യത കോടികൾ. കൊവിഡ് സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ലഭിച്ചിരുന്ന വരുമാന തുകയുടെ നേർ പകുതിയേ ഇത്തവണ ഖജനാവിലെത്തുകയുള്ളൂവെന്നാണ് കണക്കാക്കുന്നത്. 87,956 കോടി രൂപ തനത് വരുമാനമുള്ള കേരളം 23,106 കോടി രൂപയാണ് പ്രതിവർഷം പെൻഷന് വേണ്ടി മാത്രം ചെലവഴിക്കുന്നത്.

എന്നാൽ ഇത്തവണ തനത് വരുമാനം പകുതിയോളം കുറഞ്ഞ് 44,000 കോടിയിൽ താഴെയെത്തുമെന്നാണ് സൂചന. പെൻഷൻ ഇനത്തിൽ യാതൊരു കുറവും വരുത്താനുമാകില്ല.
പെൻഷൻ പ്രായം ഉയർത്താനുള്ള പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ ശിപാർശയിൽ സി പി എമ്മും ഇടതുമുന്നണിയും നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ സർക്കാറിന് സാമ്പത്തിക പ്രതിസന്ധിക്കിടയിലുള്ള പെൻഷൻ വിതരണം കീറാമുട്ടിയാകും.

ഉദ്യോഗാർഥികളുടെയും യുവജന സംഘടനകളുടെയും പ്രതിഷേധം കണക്കിലെടുത്താണ് പാർട്ടിയും സർക്കാറും തിടുക്കത്തിൽ പെൻഷൻ പ്രായം ഉയർത്താത്തത്. ശമ്പള പരിഷ്‌കരണ റിപ്പോർട്ടിലെ ഏറ്റവും പ്രതിഷേധങ്ങൾക്കിടയാക്കുന്ന നിർദേശമാണ് പെൻഷൻ പ്രായം 56ൽ നിന്ന് 57 ആക്കണമെന്നത്. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകൾ ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. കൊവിഡിനെ തുടർന്ന് കേന്ദ്ര സർക്കാറിന്റെയും നികുതി വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കേന്ദ്ര നികുതിയിൽ നിന്നാണ് കേരളത്തിന്റെ വരുമാനത്തിൽ ഒരു ഭാഗം ലഭിക്കുന്നത്. പെൻഷൻ പ്രായം ഒരു വർഷം ഉയർത്തിയാൽ തന്നെ സർക്കാറിന് പ്രതിവർഷം 4,600 കോടി ലാഭിക്കാനാകും. രണ്ട് വർഷം വർധിപ്പിച്ചാൽ 9,200 കോടിയാകും ലാഭം.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശരാശരി 27 വർഷ സർവീസാണ് നിലവിൽ ലഭിക്കുന്നത്. ഇവർക്ക് ശരാശരി 25 വർഷം പെൻഷനും നൽകണം. ഇതിനുപുറമെ കുടുംബ പെൻഷൻ നൽകേണ്ടിവരുന്നവരുടെ എണ്ണവും കുറവല്ല.

അധ്യാപകർ ഉൾപ്പെടെ പ്രതിവർഷം 21,000 ജീവനക്കാരാണ് സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിക്കുന്നത്. 4,500 ജീവനക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിക്കുന്നു. 24,000 പേർക്ക് എല്ലാ വർഷവും പി എസ് സി വഴി നിയമനം ലഭിക്കുന്നുണ്ട്. പെൻഷൻ പ്രായം വർധിപ്പിച്ചാൽ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടും. ഇതോടെ സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികൾക്ക് കാലതാമസം നേരിടേണ്ടിവരും. ഇതാണ് യുവജന സംഘടനകളെ പ്രകോപിപ്പിക്കുന്നത്.