local body election 2025
സി പി എമ്മിന്റെ പരാതിയില്‍ ലീഗ് നേതാക്കള്‍ക്ക് കോടതിയുടെ പച്ചക്കൊടി
പൊതുപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നല്‍കുന്ന കേസുകള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി
മഞ്ചേരി | സി പി എം കാവപ്പുര ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ലീഗ് പ്രവര്‍ത്തകര്‍ മർദിച്ചെന്ന പരാതിക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. പൊതുപ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നല്‍കുന്ന കേസുകള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. മുസ്്ലിം ലീഗ് സ്ഥാനാർഥികളായ ടി നിയാസ്, അബ്ദുല്ല യാഫിഖ്, ബഷീര്‍ പാറയില്‍ എന്നിവര്‍ക്കും ലീഗ് പ്രവര്‍ത്തകനായ പാറമ്മല്‍ അബ്ദുന്നാസറിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി പരാമര്‍ശം നടത്തിയത്.
താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും താനൂര്‍ മണ്ഡലം യൂത്ത് ലീഗ് ട്രഷററുമായ ടി നിയാസിന്റെ വോട്ട് വോട്ടർപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആര്‍ കോമുക്കുട്ടിയുടെ നേതൃത്വത്തില്‍ പരാതി കൊടുത്തിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സി പി എം പിന്തുണയും അറിയിച്ചു.
തുടര്‍ന്ന് സി പി എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് മുസ്്ലിം ലീഗ് പ്രവര്‍ത്തകരായ ടി നിയാസ്, അബ്ദുല്ല യാഫിഖ്, അബ്ദുന്നാസര്‍ പാറമ്മല്‍, ബഷീര്‍ പാറയില്‍ എന്നിവരുമായി വാക്കേറ്റമുണ്ടായി. സംഭവത്തില്‍ മുസ്്ലിം ലീഗ് നേതാക്കള്‍ സി പി എം പ്രവര്‍ത്തകരെ ചോദ്യം ചെയ്തതോടെ ഇരു വിഭാഗവും തമ്മില്‍ അടിപിടിയും നടന്നു. ഇക്കഴിഞ്ഞ അഞ്ചിന് വൈകിട്ട് അഞ്ചിന് പൊന്മുണ്ടം പഞ്ചായത്ത് കാര്യാലയത്തിലാണ് സംഭവം.
അക്രമത്തില്‍ സി പി എം കാവപ്പുര ബ്രാഞ്ച് കമ്മിറ്റിയംഗം റഊഫ്, സൈനുദ്ദീന്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഇതോടെയാണ് സി പി എം പ്രവര്‍ത്തകര്‍ പൊന്മുണ്ടം മുസ്്ലിം ലീഗ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.
കല്‍പ്പകഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മന്ത്രി വി അബ്ദുർറഹ്്മാന്റെ സ്വാധീനത്താല്‍ ലീഗ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തതായും ആരോപണമുണ്ട്. പോലീസ് കേസ്സെടുത്തതോടെ ഒളിവില്‍ പോയ സ്ഥാനാർഥികള്‍ക്ക് നാമനിർദേശ പത്രിക സമര്‍പ്പിക്കാനോ ഹിയറിംഗിന് ഹാജരാകാനോ സാധിച്ചിരുന്നില്ല.
കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ മുസ്്ലിം ലീഗ് നേതാക്കള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള തടസ്സം നീങ്ങി. അഭിഭാഷകരായ കെ വി യാസര്‍, എ കെ മുഹമ്മദ് സകരിയ്യ, ഷംന വടക്കേതില്‍ എന്നിവരാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.




