Connect with us

gas price hike

പാചകവാതക വിലക്കയറ്റം: ചെറുകിട-ഇടത്തരം ഹോട്ടലുകള്‍ രംഗം വിടേണ്ടിവരും

ഭക്ഷണത്തിന്റെ വിലകയറ്റാനാവില്ലെന്ന് ഹോട്ടല്‍ ഉടമകള്‍

Published

|

Last Updated

കോഴിക്കോട് |   വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊടുന്നനെ 350.50 രൂപ ഉയര്‍ത്തിയ നടപടി ഹോട്ടല്‍ മേഖലയില്‍ കനത്ത വെല്ലുവിളിയാവും.
ഭക്ഷ്യ വസ്തുക്കളുടെ വില ഉയര്‍ത്തി ഈ പ്രതിസന്ധിയെ മറികടക്കാനാവില്ലെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ഭക്ഷ്യ വസ്തുക്കളുടെ വില ഉയര്‍ത്തിയാല്‍ അതു ജനങ്ങളെ ഹോട്ടലുകളില്‍ നിന്ന് അകറ്റാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് അവര്‍ വിലയിരുത്തുന്നത്.
ചെറുകിട, ഇടത്തരം ഹോട്ടല്‍ വ്യാപാരികള്‍ ഈ വിലവര്‍ധനയോടെ രംഗം വിടേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട് സിറാജ് ലൈവിനോടു പറഞ്ഞു.
ചെറുകിട ഹോട്ടലുകള്‍ക്ക് ഒരു ദിവസം ഒന്നോ രണ്ടോ സിലിണ്ടറുകള്‍ ഉപയോഗിക്കേണ്ടിവരും. പുതിയ വില വര്‍ധനയോടെ ദിവസം 700 രൂപയോളം അധിക ചെലവു വരുന്നു. നിലവില്‍ എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം എന്ന നിബന്ധന വന്നതോടെ തന്നെ ഒരാള്‍ക്കു 400 രൂപ എന്ന നിലയില്‍ ചെലവഴിക്കേണ്ടിവന്നു.
ഉയര്‍ന്ന ഇന്ധന വിലയില്‍ ചെറുകിട ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോകാന്‍ പറ്റാതാവുന്നതോടെ ചെറുകിട സംരംഭകരെല്ലാം രംഗം വിടാനാണു സാധ്യതയെന്നാണു വിലയിരുത്തപ്പെടുന്നത്.
താരതമ്യേനെ ചെറിയ നിരക്കില്‍ ജനങ്ങള്‍ക്കു ഭക്ഷണം ലഭ്യമായിരുന്നു ചെറുകിട-ഇടത്തരം ഹോട്ടലുകള്‍ക്കു താഴു വീഴാനുള്ള സാധ്യതയാണ് തെളിയുന്നത്.

എല്ലാ തരത്തിലുള്ള വിലക്കയറ്റവും സഹിക്കുന്ന ജനങ്ങള്‍ക്ക് ഹോട്ടല്‍ ഭക്ഷണവും അപ്രാപ്യമാകുന്ന സാഹചര്യമാണുള്ളത്.

Latest