Connect with us

Kerala

ചൂരൽമല ടൗൺഷിപ്പ് നിർമാണം: നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് മന്ത്രി കെ രാജൻ

ജിഎസ് ടി ഒഴികെ ഒരു വീടിന് ചെലവ് 22 ലക്ഷം രൂപ

Published

|

Last Updated

തിരുവനന്തപുരം | ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണത്തിനെതിരെ ചിലരുയർത്തുന്ന തെറ്റായ പ്രചാരണങ്ങൾ സർക്കാറിൻ്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിത കുടുംബങ്ങൾക്ക് സുരക്ഷിതവും അന്തസ്സുള്ളതും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാനുള്ള സർക്കാരിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന് അടിവരയിടുന്നതാണ് ഈ പദ്ധതി. ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷികത്തിൽ കേരള സർക്കാർ മാതൃകാ ടൗൺഷിപ്പ് പദ്ധതിയുടെ ആദ്യ മാതൃകാഭവനം അനാച്ഛാദനം ചെയ്തു. ഇത് ഒരു നാഴികക്കല്ല് മാത്രമല്ല, ദുരന്ത ബാധിതരോടു സർക്കാർ കാണിക്കുന്ന അനുകമ്പ, സാങ്കേതിക മികവ്, ഉത്തരവാദിത്തം എന്നിവയുടെ വിജയവുമാണ്.

ദീർഘവീക്ഷണമുള്ളതും സംയോജിതവുമായ മോഡൽ ടൗൺഷിപ്പ് പരമ്പരാഗത ഭവനപദ്ധതികളിൽനിന്ന് വ്യത്യസ്തമായാണ് ഒരുക്കിയിട്ടുള്ളത്. അങ്കണവാടി. ആരോഗ്യകേന്ദ്രം, ഓപ്പൺ എയർ തിയേറ്റർ, മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ കം ദുരന്ത നിവാരണ അഭയകേന്ദ്രം, മെറ്റീരിയൽ കളക്ഷൻ സൗകര്യം, ദുരന്തത്തിൽ നഷ്ടപ്പെട്ടവർക്കുള്ള സ്മാരകം തുടങ്ങിയ സൗകര്യങ്ങളുടെ പിന്തുണയുള്ള 410 വീടുകളാണ് നിർമിക്കുന്നത്. സെവൻസ് ഫുട്‌ബോൾ ഗ്രൗണ്ട്. പൊതു ഇടങ്ങൾ, റോഡുകൾ, ചെക്ക് ഡാം പാലങ്ങൾ, കലുങ്കുകൾ, പൊതു ശൗചാലയങ്ങൾ, തെരുവുവിളക്കുകൾ തുടങ്ങിയ ദീർഘകാല സൗകര്യങ്ങൾ ഇവിടെയുണ്ട്. ആധുനിക നിർമാണം പാരിസ്ഥിതിക മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ടൗൺഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടൗൺഷിപ്പിലുള്ള റോഡുകൾക്കാകെ 11 കിലോമീറ്ററിലധികം നീളമുണ്ട്. 7.5 ലക്ഷം ലിറ്റർ ഭൂഗർഭ സംഭരണി, 2.5 ലക്ഷം ലിറ്റർ ഓവർഹെഡ് ടാങ്ക് എന്നിവയിലൂടെ ജലലഭ്യത ഉറപ്പാക്കുന്നു.

ഏഴു സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. സിറ്റൗട്ട്, ലിവിംഗ് ആൻഡ് ഡൈനിംഗ് ഏരിയ, രണ്ടു കിടപ്പുമുറികൾ,രണ്ട് ബാത്ത് റൂമുകൾ,അടുക്കള, വർക്ക് ഏരിയ, പഠനത്തിനുള്ള സ്ഥലം എന്നിവയുണ്ട്. പെയിന്റ് മുതൽ വാതിലുകൾ വരെ അഞ്ചു മുതൽ 20 വർഷം വരെ വാറണ്ടിയുള്ള സാമഗ്രികളാണ് നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്. എല്ലാ വീടുകൾക്കും അഞ്ചു വർഷത്തെ സിവിൽ, മൂന്നുവർഷത്തെ എം.ഇ.പി. ഡിഫക്ട് ലയബിലിറ്റി വാറന്റിയുമുണ്ട്.

പദ്ധതി നടപ്പാക്കാൻ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായ എസ് സുഹാസിന്റെ നേതൃത്വത്തിൽ ഒരു പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റ് പ്രവർത്തിക്കുന്നു. നിർമാണത്തിന്റെ ഓരോ ഘട്ടത്തിനും ലൈസൻസുള്ള എഞ്ചിനീയർമാർ മേൽനോട്ടം വഹിക്കുന്നു. ഉപയോഗിക്കുന്ന ഓരോ നിർമാണ സാമഗ്രികളും അംഗീകൃത ലാബുകളിൽ പരിശോധനയ്ക്ക് വിധേയമാക്കും. സ്ളംപ് ടെസ്റ്റുകൾ, ക്യൂബ് ടെസ്റ്റുകൾ, അൾട്രാസോണിക് / റീബൗണ്ട് ഹാമർ ടെസ്റ്റുകൾ എന്നിവയിലൂടെ കോൺക്രീറ്റ് ഗുണനിലവാരം ഉറപ്പാക്കുന്നു.

വീടുകളുടെ നിർമാണച്ചെലവിനേക്കുറിച്ച് അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളാണ് ചിലർ ഉന്നയിക്കുന്നത്. ഡി.എസ്.ആർ 2021 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക എസ്റ്റിമേറ്റിൽ ഒരു വീടിന് 31.5 ലക്ഷം രൂപയാണ് (ജിഎസ്ടി ഒഴികെ) ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് ഒരു വീടിന് 22 ലക്ഷം രൂപ (ജിഎസ് ടി ഒഴികെ) എന്ന നിരക്കിലാണ്. അതായത് സാങ്കേതിക എസ്റ്റിമേറ്റിൽനിന്ന് 30 ശതമാനം കുറവിലാണ് കരാർ നൽകിയത്. പൂർത്തിയായ മാതൃകാ വീട് സന്ദർശിച്ച ഗുണഭോക്താക്കൾ ഒന്നടങ്കം നിർമാണ ഗുണനിലവാരം, രൂപകൽപ്പന, സൗകര്യങ്ങൾ എന്നിവയേക്കുറിച്ച് മികച്ച പ്രതികരണമാണ് പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

ടൗൺഷിപ്പിൽ നിർമിക്കുന്ന വീടുകളുടെ സവിശേഷതകൾ

1. ആർ സി സി ഫൗണ്ടേഷനുകൾ, ഭൂകമ്പ പ്രതിരോധത്തിനായുള്ള ഷിയ ഭിത്തികൾ. പ്ലിംത്ത് ബീം. റൂഫ് ബീം, ഘടനക്കുള്ള സ്ലാബ്, ലിന്റലുകൾ എന്നിവ ഉൾപ്പെടുന്ന ആർ സി സി ഫ്രെയിം ചെയ്ത ഘടന.

2. ചുവരുകൾക്കുള്ള സോളിഡ് ബ്ലോക്ക് വർക്ക്.

3. 12 മില്ലീമീറ്റർ കട്ടിയുള്ള സിമന്റ് മോർട്ടാറിൽ 1:4 അളവിൽ വാൾ പ്ലാസ്റ്ററിംഗ്.

4. 9 മില്ലീമീറ്റർ കട്ടിയുള്ള സിമന്റ് മോർട്ടാറിൽ 1:3 അളവിൽ സീലിംഗ് പ്ലാസ്റ്ററിംഗ്.

5. മാറ്റ് ഫിനിഷ് വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ച് ടോയ്ലറ്റുകളുടെ തറ, ചുമർ, തറ എന്നിവയ്ക്കായി ടൈലിംഗ് വർക്ക്.

6. സിറ്റ് ഔട്ടിലും സ്റ്റെപ്പുകളിലും ഗ്രാനൈറ്റ് ഫ്ലോറിംഗ്. അടുക്കളയിലും വർക്ക് ഏരിയ കൗണ്ടറിലും കറുത്ത പോളിഷ് ചെയ്ത ഗ്രാനൈറ്റ്.

7. എക്സ്റ്റീരിയർ പ്രീമിയം അക്രിലിക് എമൽഷൻ വാട്ടർപ്രൂഫ് പെയിന്റും ഇന്റീരിയറും

9. 20 വർഷത്തെ വാറണ്ടിയുള്ള യു പി വി സി ജനലുകൾ.

10. അഞ്ച് വർഷത്തെ വാറണ്ടിയുള്ള വുഡ് പ്ലാസ്റ്റിക് കോമ്പോസിറ്റ് ഫ്രെയിമുള്ള വാതിലുകൾ.

11. ഗോദ്റെജ് ലോക്ക്, ഡോർസെറ്റ് ഹിഞ്ചുകൾ ടവർ ബോൾട്ട് എന്നിവയുള്ള പുറത്തേക്കുള്ള വാതിലുകളും വുഡ് ഫിനിഷ് സ്റ്റീൽ ഡോറും

---- facebook comment plugin here -----

Latest