Connect with us

Kerala

താല്‍ക്കാലിക വി സി നിയമനം; ഗവര്‍ണറുടെ നടപടികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

മുഖ്യമന്ത്രി നല്‍കിയ കത്തിന്‍മേല്‍ ഗവര്‍ണര്‍ നടപടി സ്വീകരിച്ചില്ലെങ്കിലായിരിക്കും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട നടപടികള്‍ കോടതിയിലേക്ക് നീങ്ങുക

Published

|

Last Updated

തിരുവനന്തപുരം | താല്‍ക്കാലിക വി സി നിയമനത്തില്‍ ഗവര്‍ണറുടെ നടപടികള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി നല്‍കിയ കത്തിന്‍മേല്‍ ഗവര്‍ണര്‍ നടപടി സ്വീകരിച്ചില്ലെങ്കിലായിരിക്കും സര്‍വകലാശാലകളുമായി ബന്ധപ്പെട്ട നടപടികള്‍ കോടതിയിലേക്ക് നീങ്ങുക.

അടുത്താഴ്ച കേസ് പരിഗണിക്കുമ്പോള്‍ സുപ്രിംകോടതിയുടെ ശ്രദ്ധയിലേക്ക് വിഷയം ഉന്നയിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാരുമായി കൂടിയാലോചിച്ച് താല്‍ക്കാലിക വിസിമാരുടെ നിയമനം നടത്തണമെന്നാണ് സുപ്രിംകോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇന്നലെ രാവിലെ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തു.

വിസി നിയമന കൂടിയാലോചനകള്‍ക്ക് മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരുമായി ചര്‍ച്ച നടത്തി വേണം നിയമനങ്ങള്‍ നടത്താന്‍ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കത്തില്‍ പറത്തിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാറിനു വഴങ്ങില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമനങ്ങളില്‍ നിന്ന് ഗവര്‍ണര്‍ പിന്നോട്ട് പോയില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് സി പി എം ആലോചിക്കുന്നത്. കോടതി നിര്‍ദ്ദേശം അംഗീകരിക്കാതെ ഇന്നലെ ഉച്ചയോടെ കെ ടി യു, ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിമാരുടെ നിയമനം ഗവര്‍ണര്‍ നടത്തിയിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ പുറത്തു പോകേണ്ടി വന്ന സിസാ തോമസിനെയും കെ ശിവപ്രസാദിനെയും തന്നെയാണ് രാജേന്ദ്ര അര്‍ലേകര്‍ നിയമിച്ചത്. സര്‍ക്കാറിനോടുള്ള വെല്ലുവിളിയായിട്ടാണ് ഈ നടപടികള്‍ വിലയിരുത്തപ്പെടുന്നത്.

ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കിയത്. സുപ്രിംകോടതി വിധിയുടെ ലംഘനം ആണ് വി സിമാരുടെ നിയമനത്തിലൂടെ നടത്തിയതെന്നും ആ നിയമനങ്ങള്‍ റദ്ദാക്കണമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ കത്തില്‍ പറഞ്ഞിരുന്നത്. ഇത് ഗവര്‍ണര്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കേസ് ഈ മാസം 13ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാന്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.