Connect with us

National

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പൂർത്തിയായി; 96 ശതമാനം പോളിംഗ്

9,900 വോട്ടര്‍മാരില്‍ 9500 പേര്‍ വോട്ട് ചെയ്തതായി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. 96 ശതമാനം പോളിംഗ് ആണസ് രേഖപ്പെടുത്തിയത്.  9,900 വോട്ടര്‍മാരില്‍ 9500 പേര്‍ വോട്ട് ചെയ്തതായി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. വോട്ടെണ്ണൽ ബുധനാഴ്ച നടക്കും.

രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയായിരുന്നു പോളിംഗ്. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.  സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്തെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. ഈ ബൂത്തിൽ 100 ശതമാനം പോളിങ് രേഖപ്പെടുത്തി. ഖാര്‍ഗെ ബംഗളൂരുവിലും തരൂര്‍ തിരുവനന്തപുരത്തും വോട്ട് ചെയ്തു.

രാജ്യത്താകെ 68 പോളിങ് ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്. കേരളത്തില്‍ കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരുന്നത്. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 46 പേര്‍ കര്‍ണാടകയിലെ ബെല്ലാരിയിൽ വോട്ട് രേഖപ്പെടുത്തി.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ എന്നിവരാണ് എ ഐ സി സി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ രഹസ്യ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണ്. കേരളത്തില്‍ നിന്ന് പല നേതാക്കളും ഖാര്‍ഗെക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, യുവജനങ്ങളില്‍ നിരവധി പേര്‍ തരൂരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് തരൂരിന്റെ പ്രതീക്ഷ.

22 വര്‍ഷത്തിന് ശേഷമാണ് വോട്ടെടുപ്പിലൂടെ അധ്യക്ഷനെ കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്നത്. സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ഒന്ന് എന്ന് എഴുതണം എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ബാലറ്റില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് ആദ്യം വരുന്നതിനാല്‍ ഇതിനെതിരെ തരൂര്‍ ക്യാമ്പ് പ്രതിഷേധമുയര്‍ത്തി. ഇതേ തുടര്‍ന്ന് ടിക് മാര്‍ക്കിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

 

Latest